നിലമ്പൂർ: സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു, ഇനി വിശ്വാസം ജുഡീഷ്യറിയിലാണെന്ന് പി.വി. അൻവർ എംഎൽഎ. ഹൈക്കോടതി ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ച ശേഷം തെളിവ് ആവശ്യപ്പെട്ടാൽ ലോറിക്കു കൊണ്ടുവരുമെന്നും പിവി അൻവർ. നിലമ്പൂരിൽ വിളിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഡിജിപി അജിത് കുമാർ കൊടും കുറ്റവാളിയാണ്. അയാളെ സസ്പെൻഡ് ചെയ്ത് പോലീസ് ഹെഡ്ക്വാട്ടേഴ്സിന്റെ വെളിയിൽ നിർത്തണം. അയാളെ തൽസ്ഥാനത്തുനിന്ന് നീക്കിയാൽ ഒന്നുമാകില്ല. ഒരു ചെയർ മാറ്റി മറ്റൊരെണ്ണം കൊടുത്തതുകൊണ്ട് എന്തു മാറ്റമാണുള്ളതെന്നും അൻവർ ചോദിച്ചു.
എന്നെ എംഎൽഎ ആക്കിയവരാണ് ഈ നാട്ടിലെ മഹാഭൂരിപക്ഷം സഖാക്കളും. രാപ്പകലില്ലാതെ അധ്വാനിച്ചവരാണ്. ഞാൻ മറക്കൂല്ല. നിങ്ങൾ കാല് വെട്ടാൻ വന്നാലും ആ കാല് നിങ്ങൾ കൊണ്ടുപോയാലും ഞാൻ വീൽ ചെയറിൽ വരും. അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതണ്ട, വെടിവെച്ചു കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. അല്ലെങ്കിൽ ജയിലിലിൽ അടക്കേണ്ടി വരും. പലതും വരുന്നുണ്ടല്ലോ. ഞാൻ ഏതായാലും ഒരുങ്ങി നിൽക്കുകയാണ്’- പി.വി. അൻവർ പറഞ്ഞു.
കേസെടുത്ത വാർത്ത വന്നപ്പോൾ ഞാൻ കൂടെ നിൽക്കുന്നവരോട് പറഞ്ഞത് സിഗററ്റ് ജയിലിലേക്ക് കൊണ്ടുതരണമെന്നാണ്. അത് ജയിലിൽ കിട്ടില്ല. ഞാൻ ഓരോ ദിവസവും ഓരോ മണിക്കൂറിലും തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
പുതിയ പാർട്ടി രൂപീകരണ കാര്യത്തിൽ 15 ദിവസമോ, ഒരു മാസമോ സമയമെടുത്തേ എന്തെങ്കിലും ചെയ്യുവെന്നും അൻവർ. വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി ക്യാംപെയ്ൻ ആരംഭിക്കും. എന്തു വേണമെന്ന് നിങ്ങൾക്കു തീരുമാനിക്കാം. മറ്റു പാർട്ടികളിൽ നിന്ന് വിളിക്കുന്നുണ്ട്. പക്ഷെ ജനങ്ങളൊരു പാർട്ടിയായി മാറിയാൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വടകരയിൽ മത്സരിച്ച കെ.കെ. ഷൈലജ തോറ്റത് പാര്‍ട്ടി പരിശോധിച്ചോ. അത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടിക്ക് കത്ത് കൊടുത്തത്. ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് കത്തു കൊടുത്തു. ഒരു ഹൈന്ദവ സഹോദരിയും ശബരിമലയില്‍ കയറാന്‍ തയാറല്ല. പിന്നെ ആര്‍ക്കു വേണ്ടിയാണ്. എന്തുകൊണ്ടാണ് ഈ പരാജയമെന്ന് പരിശോധിക്കണം. സിപിഐ പറഞ്ഞത് തന്നെയല്ലേ ഞാനും പറഞ്ഞിട്ടുള്ളൂവെന്നും പി.വി. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.