മലപ്പുറം: പോലീസിലെ 25 ശതമാനം പേർ പൂർണമായും ക്രിമിനൽ വത്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് പിവി അൻവർ എംഎൽഎ. അവർ എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നു, അതിന്റെ പേരിൽ കൊലപാതകങ്ങൾ നടക്കുന്നുവെന്നും അൻവർ. നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പി.വി അന്‍വര്‍ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
സ്ഫോടനാത്മകമായ ഒരവസ്ഥയിലാണ് കേരളം ഇപ്പോൾ. പുറമെ നിന്നു നോക്കിയാല്‍ എന്തൊരു ശാന്തത, സമാധാനം. പക്ഷെ പോലീസിലെ 10-25 ശതമാനം പൂര്‍ണമായി ക്രിമിനല്‍ വത്കരിക്കപ്പെട്ടിരിക്കുന്നു. എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം പിടിച്ചെടുത്താല്‍ അത് സർക്കാരിലേക്ക് നിക്ഷേപിക്കേണ്ട, ഈ നാടിന്റെ അസറ്റായി മാറേണ്ട ഇത്തരം സ്വര്‍ണം വലിയ ഒരു വിഭാഗം അടിച്ചുമാറ്റുന്നുവെന്നും അതിന്റെ പേരിലാണ് പല കൊലപാതകങ്ങൾ നടക്കുന്നതെന്നും അൻവർ.
കഴിഞ്ഞ മൂന്ന് വർഷത്തെ കരിപ്പൂരിലെ സ്വർണം പിടികൂടിയ കണക്കെടുത്തു നോക്കിയാൽ തന്നെ ഈ തട്ടിപ്പ് മനസിലാക്കാം. എങ്ങനെയാണ് പോലീസിന് ഇവരെ പിടിക്കാന്‍ പറ്റുന്നത്?, എങ്ങനെയാണ് ഇവര്‍ കസ്റ്റംസില്‍ നിന്ന് രക്ഷപ്പെട്ടുപോരുന്നത്?. ‘മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്പോലീസ് നടപടി സ്വീകരിക്കുന്നതുകൊണ്ട് കള്ളക്കടത്തുകാര്‍ക്ക് അവരുടെ പ്രവൃത്തി തുടരാൻ ചെറിയ പ്രയാസമുണ്ടെന്ന്. അന്‍വര്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഈ പോലീസിനെ മാറ്റിക്കഴിഞ്ഞാല്‍ കള്ളക്കടത്തുനടത്താനുള്ള വലിയ സൗകര്യമുണ്ടാകുമല്ലോ. ആ ലോബിയെ സഹായിക്കാനാണോ ഈ അന്‍വര്‍ വിഷയം ഉന്നയിച്ചതെന്നതിലേക്ക് കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുകയാണ്’ – അന്‍വര്‍ ആരോപിച്ചു.
സ്വർണ കടക്കുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ കണ്ട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. പക്ഷെ അദ്ദേഹം ആവശ്യപ്പെടുന്നത് തെളിവ് എവിടെയെന്നാണ്? ഞാന്‍ പറഞ്ഞു തെളിവൊന്നുമില്ല. ഇപ്പോഴത്തെ കാര്യമല്ല മാസങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്. ശക്തമായ നടപടിയെടുക്കാതെ സാജന് സ്കറിയയെ രക്ഷപ്പെടുത്തി വിട്ടപ്പോഴാണ് എന്റെ കണ്ണ് തുറക്കുന്നത്. എഡിജിപിയും ശശിയും കൂടി രക്ഷപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണമുണ്ടാകുമല്ലോ. നന്മയുള്ള ഓഫീസര്‍ക്കോ, ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിക്കോ എടുക്കാവുന്ന നിലപാടല്ല അവരെടുത്തത്. അന്‍വര്‍ പറഞ്ഞു.
തെളിവ് തപ്പി എവിടെയും പോകണ്ട സ്വർണപ്പണിക്കാരൻ ഉണ്ണി കഴിഞ്ഞ മൂന്നു വർഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജൻസി ഒന്ന്അ ന്വേഷിച്ചാൽ മനസിലാകും ഇതിനു പിന്നിലുള്ള കളികൾ. പക്ഷെ സംസ്ഥാനത്തെ ഭരണകക്ഷിക്കോ, പോലീസിനോ ഒരു അനക്കവുമില്ല. 158 ഓളം കേസുകളാണ് പോലീസ് ഇത്തരത്തിൽ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോൾ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാൻ ഐജിയോട് പറഞ്ഞു. ഒരാളെയും വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം?, ഇങ്ങനെയാണോ അന്വേഷണം നടത്തേണ്ടത്?
ഇതെല്ലാം നടക്കുന്നതിനിടെ അൻവർ ഫോൺ ചോർത്തിയതിനു കേസെടുത്ത് നടക്കുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാൻ പിണറായി വിജയനെ രാഷ്ട്രീയത്തിൽ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്കാണ് അദ്ദേഹം ഈ പാർട്ടിക്കു വേണ്ടിയെടുത്തത്.
പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഉയർത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാൻ തടുത്തു. ഒരിക്കലും ആ പാർട്ടിയെയോ പാർട്ടി പ്രവർത്തകരെയോ ഞാൻ തള്ളിക്കളയില്ല. രാജ്യദ്രോഹിയായ ഷാജൻ സ്കറിയയെ പി. ശശിയും എഡിജിപി അജിത് കുമാറും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കൂടാതെ താൻ വെളിപ്പെടുത്തിയ വിവരങ്ങൾ വച്ച് അജിത് കുമാറിന്റെ സ്വത്ത് സംബന്ധിച്ച് അന്വേഷണമില്ലെന്നും അൻവർ പറഞ്ഞു.
താൻ മുഖ്യമന്ത്രിയെ കണ്ട സമയത്ത് വളരെ വിശദമായാണു അദ്ദേഹം എന്റെ പരാതി കേട്ടത്. 37 മിനിറ്റാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഒമ്പതു പേജുള്ള പരാതി വായിച്ചുതീരാൻ 10 മിനിറ്റെടുത്തു. ഓരോന്നും എന്നോട് ചോദിച്ചു. 2021ൽ ഞാനടക്കം ജയിച്ചത് സിഎം കാരണമാണ്. സിഎം കത്തിജ്വലിച്ച് നിന്ന സൂര്യനായിരുന്നു അന്ന്. ഇന്ന് ആ സൂര്യൻ കെട്ടുപോയിട്ടുണ്ട്. സിഎമ്മിന്റെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയിട്ടുണ്ട്. പൊളിറ്റിക്കൽ സെക്രട്ടറി അവനാണ് കാരണക്കാരാനെന്ന് താൻ പറഞ്ഞുവെന്നും അൻവർ.