ന്യൂഡൽഹി: ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ നടന് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തടയിടാൻ അന്വേഷണ ഉദ്യോഗസ്ഥയായ എസ്പി മെറിന് ജോസഫ് ഡല്‍ഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന ഐശ്വര്യ ഭാട്ടി അടക്കമുള്ളവരെയാണ് എസ്പി കണ്ടത്.
തിങ്കളാഴ്ച്ച സുപ്രീം കോടതിയിൽ ഉന്നയിക്കേണ്ട വാദങ്ങൾ എന്തോക്കെയാണെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഈ കൂടിക്കാഴ്ചയിലൂടെ സാധ്യമായേക്കും. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചേക്കും. കേസിൽ അതിജീവിതയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം സുപ്രിം കോടതി തങ്ങളുടെ വാദം കേട്ട ശേഷം മാത്രമേ തീരുമാനമൊടുക്കാവുവെന്ന് കഴിഞ്ഞദിവസം സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽവെച്ച് ബലാത്സംഗം നടന്നുവെന്ന അതിജീവിതയുടെ വെളിപ്പെടുത്തലിലാണ് അന്വേഷണ സംഘം സിദ്ദിഖിനെതിരെ കേസെടുത്തത്. സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുമെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. മുതിർന്ന അഭിഭാഷകനായ മുകുള്‍ റോസ്തകിയാണ് സിദ്ധിഖിന് വേണ്ടി കോടതിയിൽ ഹാജരാവുക.