മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ എയർബാഗ് മുഖത്ത് അമർന്ന് ശ്വാസംമുട്ടി രണ്ട് വയസുകാരി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിൻറെയും റംഷീനയുടെയും മകൾ ഇഫയാണ് മരിച്ചത്. ഇഫയുടെ പിതാവ് രണ്ടു ദിവസം മുൻപാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാർ, എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൻറെ മുൻസീറ്റിൽ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. വാഹനാപകടമുണ്ടായ ഉടനെ പുറത്തുവന്ന എയർബാഗ് മുഖത്ത് അമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയതുമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ മറ്റാർക്കും പരുക്കില്ല. സഹോദരങ്ങൾ: റൈഹാൻ, അമീൻ. കൊളത്തൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.