തിരുവനന്തപുരം: മുൻകൂർ ജാമ്യം നിഷേധിച്ചയുടനെ ഒളിവിൽപോയ നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഉന്നതരുടെ തണലിൽ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമറിയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുമ്പോൾ അറിയിക്കാനുമാണ് തീരുമാനം.
സിദ്ദിഖ് ഒളിവിൽ പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും എവിടെയാണെന്നു കണ്ടെത്താൻ പോലീസിനു സാധിക്കാത്തതു പോലീസിന്റെ അനാസ്ഥയാണെന്നു ആക്ഷേപമുയരുന്നതിനിടെയാണ് പുതിയ നീക്കം. സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം.
കൊച്ചിയിൽ ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖ് ഉള്ളതെന്നതിന്റെ തെളിവു പോലീസിനു ലഭിച്ചെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലുക്ക് ഔട്ട് നോട്ടിസും മറ്റു സംസ്ഥാനങ്ങളിൽ പത്രങ്ങളിൽ പരസ്യം നൽകിയതുൾപ്പെടെ വിവരങ്ങൾ ധരിപ്പിക്കും. എസ്പി മെറിൻ ജോസഫും സംഘവുമാണു പ്രത്യേക അന്വേഷണസംഘത്തിന് വേണ്ടി സുപ്രിം കോടതിയിലേക്കു പോകുന്നത്.