ബെംഗളൂരു: ബംഗളൂരുവിലെ ഫ്രിഡ്ജ് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളെ ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ ഭദ്രക് ജില്ലയിൽ മുക്തി രഞ്ജൻ റോയിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ഒഡീഷ പോലീസ് വൃത്തങ്ങൾ അറിയിച്ചു.
സുഹൃത്തും മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ (29) ശരീര ഭാഗങ്ങൾ 30 കഷ്ണങ്ങളാക്കി ബെംഗളൂരു വയ്യാലിക്കാവിലെ അപ്പാർട്മെന്റിലെ ഫ്രിഡ്ജിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയുമാണ് ഇയാൾ. ഇയാൾ ഒളിച്ചുതാമസിക്കുന്നെന്ന് കാണിച്ച് മൊബൈൽ ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മുക്തി രഞ്ജനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.
ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണ് മഹാലക്ഷ്മി താമസിച്ചിരുന്നത്. മുക്തി രഞ്ജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
21നാണ് യുവതിയുടെ മൃതദേഹങ്ങൾ ഫ്രിഡ്ജിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പാണ്ടി ഗ്രാമത്തിലെ വീട്ടിലെത്തിയത്. ഇരുചക്ര വാഹനത്തിൽ പുറത്തേക്കു പോകുന്നതു കണ്ടെന്നും നാട്ടുകാരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പിന്നീട് പോലീസ് ഇയാളെ പിടിക്കുന്നതിനായി വല വിരിക്കുകയായിരുന്നു.
സെപ്തംബർ ഒന്നിനാണ് അവസാനമായി ഇരുവരും ജോലിക്ക് പോയത്. അതിനാൽതന്നെ സെപ്തംബർ രണ്ടിനോ സെപ്തംബർ മൂന്നിനോ ആണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്. മഹാലക്ഷ്മിയുടെ വീട്ടിൽനിന്നു ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽക്കാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മഹാലക്ഷ്മിയുടെ അമ്മയും സഹോദരിയും വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.