ശ്രീനഗർ: പത്തു വർഷത്തിനുശേഷം നടക്കുന്ന ജമ്മു- കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മുവിലെ പിർ പഞ്ചൽ മേഖലയിലെ 79 അടക്കം 26 നിയമസഭാ മണ്ഡലങ്ങളിലെ 239 സ്ഥാനാർഥികളാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നത്.ഇതിനായി 3502 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയത്.
നാഷണൽ കോൺഫറൻസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്നയുൾപ്പെടെ ഈഘട്ടത്തിൽ ജനവിധി തേടും. ഭീകരവാദ ഭീഷണിയുള്ള പൂഞ്ഛ്, രജൗരി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആക്രമണത്തിന് ഏറ്റവും സാധ്യത കൽപിക്കുന്ന മലയോര ജില്ലകളിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ. അവസാനഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ് നടക്കുക. വോട്ടെണ്ണൽ എട്ടിന്.
ജമ്മു-കശ്മീരിന് പ്രത്യേക പദവിനൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം പിൻവലിച്ചതിനുശേഷുള്ള ആദ്യ തെരഞ്ഞെടുപ്പുകൂടിയാണ് ഇപ്പോൾ നടക്കുന്നത്. നാഷണൽ കോൺഫറൻസും കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന ഇന്ത്യസഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കൂടാതെ പിഡിപിയും ചെറുപാർട്ടികളും സജീവമായി മത്സരരംഗത്തുണ്ട്. പലയിടങ്ങളിലും ചതുഷ്കോണ മത്സരമാണു പലയിടത്തും നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ ആറ് ജില്ലകളിലായി 2.5 ദശലക്ഷത്തിലധികം വോട്ടർമാർ ഇന്ന്തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.