കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇന്നു രാവിലെ തീരദേശ പൊലീസിന്റെ ആസ്ഥാന ഓഫിസിൽ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ ജാമ്യത്തിൽ വിടുകയും ചെയ്തു. എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് മുകേഷ്മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ആദ്യ അറസ്റ്റാണുണ്ടായത്.
രാവിലെ അഭിഭാഷകനോട് ഒപ്പമാണ് മുകേഷ് എത്തിയത്. പിന്നീട് ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്ത്, വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയക്കുകയായിരുന്നു. സിനിമയിൽ അവസരവും സിനിമ സംഘടനയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. മരട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
നടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ഓഗസ്റ്റ് 28നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങൾ. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. അതേ സമയം നടൻ സിദ്ധിഖിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.