കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പരാതിക്കാരി നൽകിയ ലൈംഗികാതിക്രമക്കേസില്‍ നടന് ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായി നടത്തിയ വെളിപ്പെടുത്തലുകൾ കെട്ടി ചമച്ചതാണെന്നാണ് ജയസൂര്യയുടെ വാദം.
കൂടാതെ പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നും നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ജയസൂര്യ വാദിച്ചിരുന്നു. വിദേശത്തായതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ പ്രതികരിച്ചിരുന്നു.
വിദേശത്തായിരുന്ന ജയസൂര്യ കഴിഞ്ഞ പതിനെട്ടാം തീയതി കൊച്ചിയില്‍ മടങ്ങിയെത്തി. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയിലാണ് മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നത്.
സംഭവത്തിൽ പരാതിക്കാരിയുടെ മൊഴി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. വനിത മജിസ്ട്രേറ്റായ രവിത കെ ജിയാണ് മൊഴി രേഖപ്പെടുത്തിയത്.
പരിശോധനയ്ക്കായി സെക്രട്ടറിയേറ്റിലും അന്വേഷണസംഘം അനുമതി തേടിയിരുന്നു. സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
രണ്ട് യുവനടിമാരുടെ പേരിലാണ് നിലവിൽ ജയസൂര്യയ്ക്കെതിരെ കേസുള്ളത്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കരമന പൊലീസും സെക്രട്ടറിയേറ്റിൽ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.