അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽസ്വദേശി അർജുന് വേണ്ടിയുള്ള മൂന്നാംഘട്ട തിരച്ചിൽ ആരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പുഴയിലിറങ്ങി നടത്തിയ തിരച്ചിലിൽ പുഴയുടെ അടിത്തട്ടിൽ നിന്നും തടിക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. അർജുന്റെ ലോറിയിലുണ്ടായിരുന്ന തടിക്കഷ്ണം തന്നെയാണെന്നു ലോറി ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തു.
നേരത്തെ ഐബോഡ് ഡ്രോണിന്റെ സിഗ്നൽ ലഭിച്ച ഭാഗത്ത് പുഴയിൽനിന്ന് മണ്ണ് നീക്കംചെയ്തതിനു ശേഷമാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എംഡി അറിയിച്ചു. ഡ്രഡ്ജർ കൊണ്ടുവരുന്നതിനു ഒരു കോടി രൂപയോളം ചെലവ് വരുന്നതിനാൽ നേരത്തെ തിരച്ചിൽ സംബന്ധിച്ച് അനിശ്ചിതത്വം നേരിട്ടിരുന്നു. എന്നാൽ പിന്നീട് പിന്നീട് കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കർണാടക സർക്കാർ വഹിക്കും.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാൻ കഴിയാത്തതിനാൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. പിന്നീട് ഒരു മാസങ്ങൾക്കുശേഷം തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.