ന്യൂഡൽഹി: ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി അതിഷി ഇന്ന്സത്യപ്രതിജ്ഞ ചെയ്ത് ഭരണസാരഥ്യം ഏറ്റെടുക്കും. വൈകിട്ട് 4.30ന് രാജ് നിവാസിൽ വച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചൊവ്വാഴ്ച രാജിവച്ച മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
കേജരിവാൾ മന്ത്രിസഭയിലെ അംഗങ്ങളായ സൗരഭ് ഭരദ്വാജ്, കൈലാഷ് ഗെഹ്ലോട്ട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവർ അതിഷി മന്ത്രിസഭയിലും തുടരും. സുൽത്താൻപൂർ മജ്രയിൽ നിന്നുള്ള എഎപി എംഎൽഎ മുകേഷ് അഹ്ലാവത്ത് ടീമിനൊപ്പം ചേരുന്നതോടെ പുതിയൊരു മുഖവും മന്ത്രിസഭയിൽ രൂപപ്പെടും.
പ്രോട്ടോക്കോൾ അനുസരിച്ച്, ഏതൊരു മുഖ്യമന്ത്രിയുടെയും രാജി ഫയൽ രാഷ്ട്രപതി അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതി ഒപ്പിട്ട ശേഷം ഫയൽ ലഫ്റ്റനൻ്റ് ഗവർണറുടെ ഓഫീസിലെത്തും. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ രാജിക്കത്ത് ഫയൽ ഇതുവരെ എൽജി ഓഫീസിലെത്താത്തതിനാലാണ് സത്യപ്രതിജ്ഞാ സമയത്തിൽ കാലതാമസമുണ്ടായത്.
തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിച്ചിരിക്കുന്നതിനാലാണ് നിലവിലെ നാലു മന്ത്രിമാരെയും നിലനിർത്താൻ കേജരിവാളും അതിഷിയും തീരുമാനിച്ചത്. ഒരു മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കും. സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന രാജ്കുമാർ ആനന്ദിൻറെ രാജിയെത്തുടർന്നുള്ള ഒഴിവിലേക്കാണ് അഹ്ലാവത് മന്ത്രിയാകുന്നത്. കേജരിവാൾ മന്ത്രിസഭയിൽ ധനം, വിദ്യാഭ്യാസം, റവന്യു അടക്കം 14 വകുപ്പുകൾ കൈകാര്യം ചെയ്ത അതിഷി, ഇതിൽ ഏതാനും വകുപ്പുകൾ സഹമന്ത്രിമാർക്കു വിട്ടുനൽകും. വകുപ്പുവിഭജനം സംബന്ധിച്ച പ്രഖ്യാപനം സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തും. തുടർന്ന്സെപ്റ്റംബർ 26, 27 ദിവസങ്ങളിൽ ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അതിഷി മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പ് നടത്തും.
ഡൽഹി സർക്കാരിൽ നിരവധി പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത അതിഷിയുടെ പേര് അരവിന്ദ് കെജ്രിവാൾ മുന്നോട്ട് വയ്ക്കുകയും പാർട്ടി ഏകകണ്ഠമായി സമ്മതം നൽകുകയും ചെയ്തതോടെയാണ് ഡൽഹിയുടെ മൂന്നാമത്തെ മുഖ്യമന്ത്രിയായി അതിഷി തെരഞ്ഞെടുക്കപ്പെട്ടത്. കൽക്കാജി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയാണ് അതിഷി.
എക്സൈസ് നയ കേസിൽ അരവിന്ദ് കേജരിവാൾ ജയിലിലായതിനെത്തുടർന്ന്, അതിഷിയെ 13 വകുപ്പുകൾ ഏൽപ്പിച്ചിരുന്നു, ഇത് ഡൽഹി സർക്കാരിലെ ഒരു മന്ത്രിയുടെ ഏറ്റവും ഉയർന്ന വകുപ്പുകളാണ്. കൂടാതെ 2015 നും 2018 നും ഇടയിൽ അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് അതിഷി.