കൊച്ചി: മലയാള സിനിമയിലെ അമ്മ വാത്സല്യത്തിന്റെ മുഖം കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. സോഷ്യൽ മീഡിയയിലൂടെ സുരേഷ് ഗോപി ഇങ്ങനെ കുറിച്ചു-‘മലയാളത്തിൻ്റെ അമ്മയ്ക്ക്, എൻ്റെ സ്വന്തം പൊന്നമ്മച്ചേച്ചിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’. കൂടാതെ മൃതദേഹം പൊതുദർശനത്തിനുവച്ച ലിസി ഹോസ്പിറ്റലിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
ക്രിസ്ത്യൻ ബ്രദേഴ്സ്, മനസിലൊരു മണിമുത്ത് തുടങ്ങി നിരവധി സിനിമകളിൽ സുരേഷ് ഗോപിയും കവിയൂർ പൊന്നമ്മയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയെ കൂടാതെ സിനിമ-സാംസ്കാരിക രംഗത്തെ നിരവധിയാളുകളാണ് കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തുന്നത്. മുകേഷ്, മനോജ് കെ. ജയൻ, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, അജു വർഗീസ്, സംവൃത സുനിൽ, ഭാമ തുടങ്ങിയ താരങ്ങളെല്ലാം അനുശോചനം രേഖപ്പെടുത്തി. ക്യാൻസർ രോഗത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ ഇന്ന് വൈകുന്നേരം ലിസി ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.