ചെന്നൈ: ഇന്ത്യാ- ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റിൽ പേസർമാർക്ക് മുൻപിൽ അടിപതറിയോടെ ഇന്ത്യയ്ക്ക് 227 റൺസ് ലീഡ്. ഇന്ത്യ ഉയർത്തിയ 376 റൺസിനെതിരേ ബാറ്റുവീശിയ ബംഗ്ലാദേശ്, ഒന്നാം ഇന്നിങ്സിൽ 149 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, രണ്ടുവീതം വിക്കറ്റുകൾ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ പിടിച്ചുനിൽക്കാനാകാത്തവിധം തകർത്തത്.
രണ്ടാം ദിവസം മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 12.5 ഓവറിൽ 40 റൺസിനിടെ അഞ്ച് മുൻനിര ബാറ്റർമാരെ നഷ്ടമായിരുന്നു. ആറാം വിക്കറ്റിൽ ഷാക്കിബ് അൽഹസനും ലിറ്റൺ ദാസും ചേർന്ന് 51 റൺസിന്റെ കൂട്ടുകെട്ട് നടത്തി. 64 പന്തിൽ 32 റൺസ് നേടിയ ഷാക്കിബ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. മെഹ്ദി ഹസൻ മിറാസ് പുറത്താവാതെ 27 റൺസ് നേടിയപ്പോൾ, ലിറ്റൺ ദാസ് 22 റൺസ് നേടി പുറത്തായി.
11 ഓവറിൽ 50 റൺസ് വിട്ടുനൽകി നാലുവിക്കറ്റെടുത്ത ബുംറ ഒരിക്കൽക്കൂടി തന്റെ ക്ലാസ് കളി പുറത്തെടുത്തു. ബാറ്റിങ്ങിൽ മിന്നിയ അശ്വിൻ 13 ഓവർ എറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാനായില്ല. രണ്ടാം ടെസ്റ്റിനിറങ്ങിയ ആകാശ് ദീപ് അഞ്ചോവറെറിഞ്ഞ് രണ്ട് വിക്കറ്റ് നേടി. സിറാജ് 10.1 ഓവറിൽ 30 റൺസ് വഴങ്ങിയും ജഡേജ എട്ടോവറിൽ 19 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റുകളെടുത്തു.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 376 റൺസിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ 339-എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് 37 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ജഡേജയെ (86) നഷ്ടമായി. പിന്നാലെ ആകാശ് ദീപും അശ്വിനും മടങ്ങി. ആകാശ്ദീപ് 17 റൺസെടുത്തു. അശ്വിൻ 113 റൺസെടുത്താണ് മടങ്ങിയത്. ജസ്പ്രീത് ബുംറ ഏഴ് റൺസെടുത്തു. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് അഞ്ച് വിക്കറ്റും ടസ്കിൻ അഹമ്മദ് മൂന്ന് വിക്കറ്റും വീഴ്ത്തി.
നേരത്തേ ആദ്യ ദിനം ഏഴാം വിക്കറ്റിൽ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്ന് കരകയറ്റിയത്. 144-ൽ ആറ് എന്ന നിലയിൽ തകർന്നിടത്തുനിന്ന് തുടങ്ങിയ ഇരുവരും ടീം സ്കോർ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 339 ൽ എത്തിച്ചിരുന്നു.