ചെന്നൈ: നിലവിൽ തമിഴ്നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകാൻ ഒരുങ്ങുന്നു. ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇക്കാര്യങ്ങൾ സംബന്ധിച്ച് സ്റ്റാലിൻറെ കുടുംബത്തിൽ ധാരണയായി എന്നാണ് വിവരം.
മുതിർന്ന ഡിഎംകെ നേതാക്കളെ അടക്കം ഇക്കാര്യം അറിയിച്ചതായാണ് സൂചന. തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻറെ മകനായ ഉദയനിധി ആദ്യം ഇടംപിടിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന് കായിക, യുവജന ക്ഷേമ വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ചെപ്പോക്ക് – തിരുവല്ലിക്കേണി മണ്ഡലത്തിൽനിന്നുള്ള അംഗമാണ് ഉദയനിധി സ്റ്റാലിൻ.
“ഉദയനിധിയെ ഉയർത്താനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. അടുത്തിടെ നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തൂത്തുവാരിയത് ഉദയനിധിയും അദ്ദേഹത്തിൻ്റെ പ്രചാരണവുമാണ്. ഉദയനിധിയുടെ ഉയർച്ച 2026ലെ തമിഴ്നാട് തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിക്കും എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കഴിഞ്ഞദിവസം സ്റ്റാലിൻ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധിയുടെ പരാമർശം വിവാദങ്ങൾക്ക് കാരണമായിരുന്നു. ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയും ശേഷിയും അദ്ദേഹത്തിനില്ലെന്ന് ബിജെപി വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു. ഡിഎംകെയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ല. സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ് അദ്ദേഹം ഹിന്ദു മതത്തെ ദുരുപയോഗം ചെയ്തുവെന്നും തിരുപ്പതി കൂട്ടിച്ചേർത്തു.