ന്യൂഡൽഹി: അരവിന്ദ് കേജ്രിവാൾ രാജിവച്ചൊഴിയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ കേജ്രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന മുഖ്യമന്ത്രിയാകും. കേജരിവാളിൻറെ വസതിയിൽ വച്ച് നടന്ന ആംആദ്മി പാർട്ടി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.
താൻ രാജി വച്ചൊഴിയുന്ന സ്ഥാനത്തേക്ക് കേജ്രിവാൾ തന്നെയാണ് അതിഷിയുടെ പേര് നിർദ്ദേശിച്ചത്. ഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.
നിലവിൽ വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്യുകയാണ് അതിഷി. കേജരിവാളും മനീഷ് സിസോദിയയും ജയിലിൽ കഴിഞ്ഞപ്പോൾ പാർട്ടിയെ മുന്നിൽ നിന്നു നയിച്ചതും അതിഷിയാണ്.
അരവിന്ദ് കേജരിവാൾ തന്റെ രാജി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചു പുറത്തെത്തിയതിനു പിന്നാലെയാണ് കേജരിവാൾ രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ തനിക്ക് പകരം പാർട്ടിയിൽ നിന്ന് മറ്റൊരാൾ മുഖ്യമന്ത്രിയാകുമെന്നും ആംആദ്മി പാർട്ടി ആസ്ഥാനത്ത് വച്ച് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കേജരിവാൾ പറഞ്ഞിരുന്നു.
ഇന്ന് വൈകിട്ട് നാലരയോടെ ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്ക് കേജ്രിവാൾ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കും.