പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ച പ്രായമുള്ള ആൺകുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടർന്നെത്തിയ ജീവനക്കാരാണ് കുട്ടിയെ കണ്ടെത്തിയത്. ഉടനെ ഇവർ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
കുട്ടി ആരോഗ്യവാനാണെന്ന് ശിശുരോഗ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതർ അറിയിച്ചു. ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറും. അതുവരെ ജനറൽ ആശുപത്രിയിലെ പരിചരണത്തിലായിരിക്കും കുട്ടിയുണ്ടാവുക. കുട്ടിയെ ഉപേക്ഷിച്ചവരേക്കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല.