കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് നാലു വർഷം കഴിഞ്ഞിട്ടും സർക്കാർ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. നടപടി വൈകുന്നത് ഞെട്ടിച്ചുവെന്നും കോടതി പറഞ്ഞു. ഇത്തരം വെളിപ്പെടുത്തലുകൾ വന്നാൽ ആദ്യം നടപടിയെടുക്കേണ്ടത് സർക്കാരായിരുന്നു. എന്നാൽ ഇതിൽ ഒരു ചെറുവിരലെങ്കിലും അനക്കിയോയെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ മറച്ചുവച്ചിരിക്കുന്ന വിവരങ്ങളടക്കം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന് കൈമാറണം. എസ്ഐടിക്കു വേണമെങ്കിൽ റിപ്പോർട്ടിന്മേൽ കേസുകളെടുക്കാം, ആവശ്യമെങ്കിൽ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ഇരകളുടെ മൊഴികളെടുക്കാം. എന്നാൽ ഇരകളുടെ സ്വകാര്യത ഖനിക്കരുത്. മാധ്യമങ്ങളുമായി കേസുകൾ സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്യരുത്. പോക്സോ, ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യാം തുടങ്ങിയ നിർദേശങ്ങളും ഹൈക്കോടതി നൽകി.
സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത് സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനെല്ലേ? എന്നിട്ട് എന്തുകൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ച് ഇത്ര വർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാത്തത്. രാജ്യത്തെ നിയമങ്ങൾ പൗരന്മാർക്കു മാത്രമല്ല സർക്കാരിനും ബാധകമാണ്.സ്ത്രീകൾ ഒരിക്കലും ന്യൂനപക്ഷമല്ല മറിച്ച്ഭൂരിപക്ഷമാണെന്നും ഹൈക്കോടതി സർക്കാരിനെ ഓർമിപ്പിച്ചു.
സർക്കാർ ആയാലും രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. കൂടാതെ അന്വേഷണ റിപ്പോർട്ട് മാത്രമല്ല, ഇരകൾ സമർപ്പിച്ച ഓഡിയോ ക്ലിപ്പുകളടക്കം ഹൈക്കോടതിക്കു മുൻപിൽ സമർപ്പിക്കണം. എന്നിട്ടുമാത്രമേ സർക്കാർ സമർപ്പിച്ച മുദ്ര വച്ച കവർ തുറക്കുകയുള്ളുവെന്നും കോടതി സർക്കാരിനെ അറിയിച്ചു. കൂടാതെ എസ്ഐടി സത്യവാങ്മൂലം നൽകണം, കേസിൽ അമ്മയെ കക്ഷി ചേർക്കണം തുടങ്ങിയ നിർദേശങ്ങളും കോടതി നൽകി.
മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന സർക്കാർ നിർദേശത്തെ തള്ളിയ കോടതി മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമില്ല, സ്വയം നിയന്ത്രിക്കാനവർക്കറിയാമെന്നും കോടതി പറഞ്ഞു.