മലപ്പുറം: സ്വന്തം വിവാഹത്തിനാവശ്യമായ പണം സ്വരൂപിക്കാനായി പോയ യുവാവിനെ വിവാഹ ദിവസമെത്തിയിട്ടും കണ്ടെത്താനായില്ല. പള്ളിപ്പുറത്ത് ഇന്നു വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസമായി. പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്.
വിവാഹ ആവശ്യത്തിനുള്ള പണം സ്വരൂപിക്കാനായാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. പണം കിട്ടിയെങ്കിലും അതുമായി മടങ്ങിയ യുവാവിനെ പിന്നീട് കാണാതാവുകയായിരുന്നു. വിവാഹത്തിനാവശ്യമായ ഒരു ലക്ഷം രൂപയുമായാണ് യുവാവ് പാലക്കാട് നിന്നും തിരിച്ചതെന്നാണ് അറിയുന്നത്.
വീട്ടിൽ പറയാതെ നാലാം തീയതി രാവിലെ വിഷ്ണു പോയതെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിൽ പെയിന്റിങിന്റെ ജോലി നടക്കുന്നതിനാൽ അതിന്റെ ആവശ്യത്തിനായി പോയെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. ഇതിനിടെ വിഷ്ണു വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി വിഷ്ണുവിന്റെ സഹോദരി പോയി വിവാഹ വസ്ത്രങ്ങളൊക്കെ വാങ്ങുകയും ചെയ്തു. പിന്നീട് വൈകിട്ട് അമ്മ വിളിച്ചപ്പോൾ പാലക്കാടാണെന്ന് വിഷ്ണു പറഞ്ഞു. പിന്നീട് വിളിച്ച് എത്താൻ വൈകുമെന്നും അമ്മയുടെ സഹോദരന്റെ വീട്ടിൽ കിടക്കാമെന്നാണ് വിഷ്ണു അവസാനം വീട്ടുകാരോട് പറഞ്ഞത്.
പിറ്റേന്ന് രാവിലെ എത്താത്തതിനാൽ വിഷ്ണുവിന്റെ അമ്മ സഹോദരനെ വിളിച്ചപ്പോൾ അവിടെ എത്തിയിട്ടില്ല എന്നറിഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അവസാന ലൊക്കേഷൻ കഞ്ചിക്കോട്ടെ പുതുശേരിയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. എസ്പിയുടെ നേതൃത്വത്തിൽ യുവാവിനായി അന്വേഷണം ആരംഭിച്ചു.