മലപ്പുറം: എഡിജിപി എംആർ അജിത് കുമാർ, എസ്പി സുജിത് ദാസ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പിവി അൻവർ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മലപ്പുറം സർക്കാർ അതിഥി മന്ദിരത്തിൽ രാവിലെ 11ന് തുടങ്ങിയ മൊഴിയെടുപ്പ് രാത്രി 9 മണിവരെ നീണ്ടു. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനു മുൻപാകെ അൻവർ മൊഴി നൽകിയത്.
മുൻപ് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മൊഴിയെടുപ്പ് സംഘത്തിനു മുൻപിലും ആവർത്തിച്ചതെന്നാണ് സൂചന. പി ശശിക്കെതിരായ തെളിവുകൾ നൽകിയോ എന്ന ചോദ്യത്തിന്, ആ തെളിവുകൾ പൊലീസിനല്ല, പാർട്ടിക്കാണു നൽകേണ്ടതെന്നായിരുന്നു മറുപടി. കൂടാതെ താൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പാർട്ടിക്ക് യാഥൊരുവിധ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സുജിത് ദാസിനു പങ്കുണ്ടെന്നതിനു തെളിവായി, സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ കൈമാറി. 7–8 കിലോഗ്രാം സ്വർണം പിടിച്ചതിനു ശേഷം കോടതിയിൽ 147 ഗ്രാം സ്വർണം മാത്രം ഹാജരാക്കിയതിന്റെ തെളിവാണിതെന്ന് അൻവർ അവകാശപ്പെട്ടു.
മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകളും കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അൻവർ പറഞ്ഞു. കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ സുജിത് ദാസ് ക്രമക്കേട് കാണിച്ചുവെന്നതുൾപ്പെടെ മുൻ എസ്പിയ്ക്കെതിര മൊഴിയെടുപ്പിനു ശേഷം പുതിയ ആരോപണങ്ങളും അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ചു. ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ ഒന്നാം ഘട്ടമാണു പൂർത്തിയായതെന്നും രണ്ടാംഘട്ട മൊഴിയെടുപ്പിൽ കൂടുതൽ തെളിവുകൾ കൈമാറുമെന്നും അൻവർ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അൻവർ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുള്ള മൊഴിയെടുപ്പാണ് ഇന്നലെ കഴിഞ്ഞത്. അൻവറിന്റെ വെളിപ്പെടുത്തലിനേ തുടർന്ന് എസ്പി സുജിത് ദാസിനെ സർവീസിൽ നിന്ന് നീക്കിയിരുന്നു. നിലവിൽ സസ്പെൻഷനിലാണ് സുജിത് ദാസ് ഇപ്പോൾ.