മലപ്പുറം: വിവാദ വെളിപ്പെടുത്തലിൽ തൻ്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കലക്റ്ററേറ്റിലെത്തിയാണ് എംഎൽഎ അപേക്ഷ നൽകിയത്.
ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലും എഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്. സോളാർ കേസ് അട്ടിമറിച്ചതിൽ എഡിജിപിയ്ക്ക് പങ്കുണ്ട്, എടവണ്ണ കൊലപാതകത്തിൽ പിടിക്കപ്പെട്ട മുഹമദ് ഷാൻ നിരപരാധിയാണ്, കവടിയാറിൽ കോടികൾ വിലമതിക്കുന്ന സ്ഥലവും അതിൽ മണിമാളികയും പണിയുന്നുവെന്ന് തുടങ്ങി ശക്തമായ ആരോപണങ്ങളാണ് എഡിജിപിക്ക് നേരെ ഉയർത്തിയിരിക്കുന്നത്.
അൻവറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എഡിജിപിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു മുഖ്യമന്ത്രി. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം.