ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 19 പേർ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. രായനപാഡ്, കൊണ്ടപ്പള്ളി, തെനാലി, വിജയവാഡ, നിഡുബ്രോലു, ബപട്ല റെയിൽവേ സ്റ്റേഷനുകളിലായി 6,000-ത്തിലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവർക്കുള്ള വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇപ്പോഴും തുടരുന്ന മഴയിൽ ഇതുവരെ 140 ട്രെയിനുകൾ റദ്ദാക്കുകയും 97 സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ മധ്യ റെയിൽവേ അറിയിച്ചു. രായനപാഡിൽ നിന്ന് വിജയവാഡയിലേക്കും കൊണ്ടപ്പള്ളി വിജയവാഡയിലേക്കും ബസുകൾ വഴിയാണ് യാത്രക്കാരെ എത്തിക്കുന്നത്. ഇതിനായി 84 ബസുകൾ ക്രമീകരിച്ചു. ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.
വിജയവാഡ കൂടാതെ ഗുണ്ടൂർ നഗരങ്ങളെയും മഴ ബാധിച്ചിട്ടുണ്ട്. വിജയവാഡ-ഗുണ്ടൂർ ദേശീയ പാത കാസയിലും വിജയവാഡ-ഹൈദരാബാദ് ദേശീയ പാത ജഗ്ഗയ്യപേട്ടയിലും പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഞായറാഴ്ച ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഴക്കെടുതിയിൽ ഇതുവരെ 17,000-ത്തിലധികം ആളുകളെ 107 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു, 1.1 ലക്ഷം ഹെക്ടർ കാർഷിക വയലുകളും 7,360 ഹെക്ടർ ഹോർട്ടികൾച്ചറൽ വയലുകളും നശിച്ചു. കനത്ത മഴയെ തുടർന്ന്ആന്ധ്രയിലും തെലങ്കാനയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയക്കെടുതി നേരിടാൻ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിനും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കും ഉറപ്പ് നൽകി. പ്രതികൂല കാലാവസ്ഥയിലും പറക്കാൻ കഴിയുന്ന ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാനത്തേക്ക് അയക്കുമെന്നും മോദി അറിയിച്ചു.
#WATCH | Andhra Pradesh: Severe waterlogging witnessed in various parts of Vijayawada leading to a flood-like situation, due to heavy rainfall. pic.twitter.com/kOqvxyF0aq
— ANI (@ANI) September 2, 2024