തിരുവനന്തപുരം: വിവാദങ്ങളിലൂടെയായിരുന്നു ഇപി ജയരാജന്റെ യാത്രകൾ. പലപ്പോഴും തൽസ്ഥാനങ്ങൾ രാജി വയ്ക്കേണ്ടിവന്നു. പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളെ നേരിടേണ്ടി വന്നു. ബന്ധുത്വ വിവാദം തുടങ്ങി അവസാനം- ഇപി- ബിജെപി കൂട്ടുകെട്ടിന്റെ പേരിൽ കൺവീനർ സ്ഥാനം നഷ്ടപ്പെട്ടെതുവരെയെത്തി ഇപിയുടെ വിവാദ യാത്ര. ഇതെല്ലാം ചേർത്ത് ഒരു തുറന്നെഴുത്തിന്റെ പണിപ്പുരയിലാണ് ഇപിയിപ്പോൾ.
താൻ തന്റെ ആത്മകഥ എഴുതുന്ന പണിപ്പുരയിലാണിപ്പോൾ. അത് അന്തിമ ഘട്ടത്തിലെത്തി നില്ക്കുന്നു. തന്റെ യാത്രയിൽ സംഭവിച്ച എല്ലാ വിവാദങ്ങളും ആത്മകഥയിൽ തുറന്നെഴുതുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജൻ.
എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ഈ പുതിയ പ്രതികരണം. രാഷ്ട്രീയം വിടുമോയെന്ന ചോദ്യത്തിന് ഇക്കാര്യം ഒരുഘട്ടം കഴിയുമ്പോൾ മാധ്യമപ്രവർത്തരോട് പറയാമെന്നായിരുന്നു പ്രതികരണം.
ബിജെപി-ഇപി വിവാദത്തിൻറെ പേരിലാണ് ഇ.പി. ജയരാജനെതിരേ പാർട്ടി അച്ചടക്ക നടപടിയുണ്ടായത്. പാർട്ടി നടപടിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി. കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയെന്നറിയിച്ചുകൊണ്ട് വാർത്തയും വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഇപിയുടെ ഫ്ലാറ്റിൽ, ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. തെരഞ്ഞെടുപ്പ് ദിവസം രാവിലെ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടുള്ള ഇപിയുടെ പരസ്യപ്രതികരണവും പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതോടെ നേതൃത്വം ഇപിയ്ക്ക്നേരെ വാളെടുക്കുകയായിരുന്നു. ഇപി വിഷയം സംസ്ഥാന യോഗത്തിൽ ചർച്ച ചെയ്യാനിരിക്കെയാണ് യോഗത്തിൽ പങ്കെടുക്കാതെയുള്ള ഇപി ജയരാജന്റെ മടക്കം.
ഇതിന് പിന്നാലെയാണ് ഇ.പിക്കെതിരേ നടപടിയുണ്ടായത്.