സംവിധായകൻ രഞ്ജിത്ത് തന്റെ നഗ്ന ദൃശ്യങ്ങൾ തനിക്ക് അയച്ചുതന്നുവെന്ന യുവാവിന്റെ ആരോപണം തെറ്റാണെന്ന് നടി രേവതി. ഇതുമായി ബന്ധപ്പെട്ട ഒരു ഫോട്ടോകളും എനിക്കു കിട്ടിയിട്ടില്ല അതിനാൽ കൂടുതൽ പ്രതികരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും നടി പറഞ്ഞു. രഞ്ജിത്ത് വിഷയത്തിൽ ഒരു ദേശീയ മാധ്യമത്തിന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണമായിരുന്നിത്.
കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിയായ യുവാവ് രഞ്ജിത്ത് ഹോട്ടൽ മുറിയിൽവെച്ച് പീഡിപ്പിച്ചെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. തന്റെ നഗ്നദൃശ്യം ഫോണിൽ പകർത്തി ഒരു നടിക്ക് സംവിധായകൻ അയച്ചുവെന്ന് വെളിപ്പെടുത്തിയത്. സംഭവത്തിൽ സ്പെഷ്യൽ അന്വേഷണ സംഘം കോഴിക്കോടെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു.
സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ: താൻ പ്ലസ്ടുവിനു പഠിക്കുമ്പോൾ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമാ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിനു ശേഷം എത്താനായിരുന്നു നിർദേശം.
രാത്രി 10 മണിയോടെ ഹോട്ടലിലെത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ തന്നോട് വിവസ്ത്രനാകാൻ ആവശ്യപ്പെട്ടു. ഒപ്പം കണ്ണെഴുതാനും പറഞ്ഞു. തനിക്ക് അഭിനയിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോൾ ബോഡി സ്ട്രെക്ച്ചർ തന്റെ കഥാപാത്രത്തിന് ചേർന്നതാണോയെന്ന് അറിയാനാണെന്നു പറഞ്ഞു. തുടർന്ന് മദ്യം നൽകുകയും കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിനു ശേഷം അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായെടുത്തില്ല. തന്റെ ചിത്രങ്ങൾ നടി രേവതിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.