കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരേ കേസെടുത്തു. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിൻപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
ഇതിനിടെ മുകേഷിന്റെ രാജിയ്ക്കായി പാർട്ടിയ്ക്ക് അകത്തുനിന്നും പുറത്തു നിന്നും സമ്മർദ്ദമേറുകയാണ്. കഴിഞ്ഞ ദിവസം എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷചിന്തകർ ഒപ്പിട്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.
അതോടൊപ്പം എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും സാമൂഹിക, സാംസ്കാരിക രംഗത്തെ ഇടപെടലുകളും പാർട്ടിയെ സമ്മർദത്തിലാക്കുന്നു. സാംസ്കാരികകേരളത്തിലെ രാഷ്ട്രീയമാലിന്യമാണ് മുകേഷ് എന്നായിരുന്നു യു.ഡി.എഫ്. മാർച്ച് ഉദ്ഘാടനംചെയ്ത മുൻ എം.എൽ.എ. ഷാനിമോൾ ഉസ്മാന്റെ വിമർശനം. ഇതിനുപുറമേ പാർട്ടിതലത്തിലും അദ്ദേഹത്തിനെതിരേ രൂക്ഷവിമർശനമുയരുന്നുണ്ട്. സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റംഗം ആനിരാജയും മുകേഷിനെതിരേ രംഗത്തെത്തിയിരുന്നു.