തിരുവനന്തപുരം: സർക്കാരിന്റെ സിനിമാ നയരൂപീകരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കും. ഇതു സംബന്ധിച്ചുള്ള തീരുമാനം ഇന്നുണ്ടാകും. ഒരുവർഷം മുമ്പാണ് നയരൂപവത്കരണ സമിതിയുണ്ടാക്കിയത്. അതിനാൽ, സർക്കാരിന് വീഴ്ചപറ്റിയെന്ന കുറ്റപ്പെടുത്തലുകളെ മുഖവിലയ്ക്കെടുക്കുകയോ വിശദീകരിക്കുകയോ വേണ്ടെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്നുള്ള സംഭവങ്ങൾ പാർട്ടി പരിശോധിക്കും.
ഇതിനിടെ സംസ്ഥാന സർക്കാരിൻറെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
അന്യായമായ പ്രതികാരബുദ്ധിയോടെ തൊഴിൽ നിഷേധം നടത്തിയെന്ന കുറ്റത്തിന് കോമ്പറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ബി. ഉണ്ണികൃഷ്ണനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നതായാണ് കത്തിൽ പറയുന്നത്.
വിനയൻറെ കത്തിൻറെ പൂർണരൂപം:
മലയാള സിനിമയിൽ സംവിധായകനായും, തിരക്കഥാകൃത്തായും, നിർമാതാവായും പ്രവർത്തിച്ചു വരുന്ന ഒരു വ്യക്തിയാണ് ഞാൻ. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, തൊഴിൽ നിഷേധമുൾപ്പെടെയുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പഠിക്കാനായി ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ നിയമിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് കേരളത്തിൽ വലിയ ചർച്ചയായിരിക്കുന്ന ഈ അവസരത്തിൽ ആ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുവാൻ ആഗ്രഹിക്കുകയാണ്.
റിപ്പോർട്ട് വന്നതിനു ശേഷം അത് പ്രസിദ്ധീകരിക്കുവാൻ വലിയ കാലതാമസം ഉണ്ടായെങ്കിലും, ഇന്ത്യയിൽ ആദ്യമായി ഇങ്ങനെ സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഒരു കമ്മിറ്റിയെ നിയോഗിച്ച അങ്ങയുടെ സർക്കാരിൻറെ തീരുമാനത്തെ ആദ്യമേ അഭിനന്ദിച്ചുകൊള്ളട്ടെ.
ഈ റിപ്പോർട്ടിൻറെ 137 മുതൽ 141 വരെയുള്ള പേജുകളിൽ സിനിമയിലെ തൊഴിൽ നിഷേധത്തിനും വിലക്കിനുമെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിധിയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 2014-ൽ മലയാള സിനിമയിലെ തൊഴിൽ നിഷേധത്തിനും രഹസ്യവിലക്കിനുമെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ പരാതിയുമായി പോയ വ്യക്തി ഞാനാണ് (CCI Case No. 98 of 2014).
2017 മാർച്ചിൽ CCI പുറപ്പെടുവിച്ച വിധിയുടെ പകർപ്പ് ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുന്നുണ്ട്. CCI – യുടെ വെബ്സൈറ്റിലും ഈ വിധിയുടെ വിശദാംശങ്ങൾ കാണാൻ കഴിയും. ഈ വിധി അനുസരിച്ച് കോമ്പറ്റീഷൻ ആക്ടിൻറെ സെക്ഷൻ-3 പ്രകാരം അമ്മ സംഘടനയ്ക്ക് 4,00,065 (നാല് ലക്ഷത്തി അറുപത്തഞ്ച്) രൂപയും ഫെഫ്ക സംഘടനയ്ക്ക് 85,594 (എൺപത്തി അയ്യായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി നാല്) രൂപയും പെനാൽറ്റി അടിച്ചിട്ടുള്ളതാണ്.
CCI ആക്ടിൻറെ സെക്ഷൻ 48 പ്രകാരം അന്നത്തെ ‘അമ്മ’ പ്രസിഡൻറ് ശ്രീ. ഇന്നസെൻറിന് 51,478 രൂപയും അമ്മ സെക്രട്ടറി ശ്രീ. ഇടവേള ബാബുവിന് 19,113 രൂപയും ഫെഫ്കയുടെ പ്രസിഡൻറ് ശ്രീ. സിബി മലയിലിന് 66,356 രൂപയും ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണന് 32,026 രൂപയും പെനാൽറ്റി അടിച്ചിട്ടുള്ളതാണ്.
ഇതിനെതിരേ ഈ സംഘടനകളും വ്യക്തികളും ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ അപ്പീൽ കൊടുക്കുകയും ബഹുമാനപ്പെട്ട ജസ്റ്റീസ് റോഹിംഗ്ടൺ ഫാലി നരിമാൻറെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് 2020 സെപ്റ്റംബർ 28-ന് അപ്പീൽ തള്ളിക്കൊണ്ട് പെനാൽറ്റി നൽകിയ ശിക്ഷ ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണ്. സുപ്രീം കോടതി വിധിയുടെ പകർപ്പും ഇതിനോടൊപ്പം വയ്ക്കുന്നു.
സുപ്രീം കോടതി അപ്പീൽ തള്ളിയതോടെ ഫൈൻ അടച്ച വ്യക്തികളെല്ലാം കുറ്റക്കാരായി മാറിയിരിക്കുന്നു. എന്നാൽ ഫെഫ്ക സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണനെ ശ്രീ. ഷാജി എൻ. കരുൺ അധ്യക്ഷനായുള്ള സംസ്ഥാന സർക്കാരിൻറെ സിനിമാ നയരൂപീകരണ സമിതിയിൽ അംഗമായി നിയമിച്ചിരിക്കുന്നു എന്ന് 10-08-2023-ൽ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി 15-ആം നിയമസഭയിൽ ശ്രീ. ഐ. സി. ബാലകൃഷ്ണന് കൊടുത്ത മറുപടിയിലൂടെ ഞാൻ മനസിലാക്കുന്നു.(നിയമസഭയിൽ കൊടുത്ത മറുപടിയുടെ കോപ്പി ഞാൻ ഇതിനോടൊപ്പം വയ്ക്കുന്നുണ്ട്).
അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴിൽ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണനെ കേരള സർക്കാരിൻറെ സിനിമ നയരൂപീകരണ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് വിനീതമായി അഭ്യർഥിച്ചുകൊള്ളുന്നു..