The bail application of Mukesh and Siddique will be considered today
കൊച്ചി: ലൈംഗിക പീഡന കേസിൽ നടന് സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് പരിഗണിക്കുക. നടിയുടെ മുൻ ആരോപണങ്ങൾ നിലനില്‍ക്കില്ലെന്ന് മനസിലായതോടെയാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നതെന്നാണ് സിദ്ധിഖിന്റെ വാദം. തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി നടി രംഗത്തെത്തിയത്. ഇതിനു പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം സിദ്ധിഖിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം എം. മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ മുകേഷിന്റെ അഭിഭാഷകൻ മുദ്രവച്ച കവറിൽ രേഖകൾ കോടതിക്ക് കൈമാറിയിരുന്നു. ഇന്ന് അതെല്ലാം പരിശോധിച്ച ശേഷമായിരിക്കും മുകേഷിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക.
മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.