പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ റിമാൻഡിലായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് അന്തരിച്ച നവീനിന്റെ കുടുംബം. ഇതിനായി നവീനിന്റെ ഭാര്യ മഞ്ജുഷ കേസിൽ കക്ഷി ചേരും. അതേ സമയം ബുധനാഴ്ച തലശേരി സെഷൻസ് കോടതിയിൽ ദിവ്യ ജാമ്യ ഹർജി നൽകും.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. കനത്ത പോലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിൻറെ വീട്ടിൽ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. അതോടൊപ്പം കലക്റ്റർ ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിൻറെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.