കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കസ്റ്റഡിയിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കണ്ണൂർ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ ദിവ്യയെ ഉടൻ കോടതിയിൽ ഹാജരാക്കും.
വിവിധ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷയാണ് ദിവ്യയ്ക്ക് ഒരുക്കിയിരിക്കുന്നത്.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തളിപ്പറമ്പിലെ മജിസ്ട്രേറ്റിൻറെ വീട്ടിലാണ് ദിവ്യയെ ഹാജരാക്കുക. അതേസമയം തളിപ്പറമ്പിലുള്ള മജിസ്ട്രേറ്റിൻറെ വീടിനു പരിസരത്ത് സിപിഎം- കോൺഗ്രസ് പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്. ദിവ്യയെ ഇന്നുതന്നെ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് സൂചന.
കണ്ണപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്. കനത്തസുരക്ഷയിലാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. പ്രധാന വഴികൾ ഒഴിവാക്കിയായിരുന്നു ദിവ്യയുമായുള്ള ആശുപത്രിയിലേക്കുള്ള പോലീസിന്റെ യാത്ര.