കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് പീഡിപ്പിച്ചന്ന പരാതിയിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽവച്ചും ഇടുക്കി കമ്പിലൈനിലെ റിസോർട്ടിൽവച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
കേരളത്തിന് പുറത്തുള്ള യുവതിയെ ഈയാഴ്ച തന്നെ അടിമാലിയിലെത്തിച്ച് മൊഴിയെടുക്കാനാണ്അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. തുടർന്ന്അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും.
ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി നോക്കിക്കൊണ്ടിരുന്ന യുവതിയെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു ആലുവയിലെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അടിമാലി പൊലീസാണ് ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തത്.
ഡിഗ്രി പഠനത്തിനുശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതിയെ ബാബുരാജിന്റെ ജന്മദിന പാർട്ടി റിസോർട്ടിൽ നടന്നപ്പോഴാണ് പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള തന്റെ താൽപര്യം മനസ്സിലാക്കി ഒരു സിനിമയിൽ ചെറിയൊരു വേഷം നൽകി.
പിന്നീട് പുതിയ സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞായിരുന്നു തന്നെ വിളിച്ചുവരുത്തിയത്. പറഞ്ഞ ദിവസം അവിടെയെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടു മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ, മറ്റൊരു ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും ഞാൻ വിസമ്മതിച്ചെന്നും യുവതി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.