തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയതല്ല ബോധപൂർവം കലക്കിയതാണെന്ന ആരോപണങ്ങൾ ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ആസൂത്രിതമായ അട്ടിമറി ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപി എംആർ അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ ചില പരാമർശങ്ങൾ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇത്റിപ്പോർട്ട് സമഗ്ര അന്വേഷണ റിപ്പോർട്ടായി കാണാനാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനാൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമം, അതുമായി ബന്ധപ്പെട്ടു റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ എന്നിവയിൽ വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും, പൂരവുമായി ബന്ധപ്പെട്ട ചുമതലകളിലുള്ള ഉദ്യോഗസ്ഥർക്ക് പിഴവു സംഭവിച്ചോയെന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തി.
‘തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ആദ്യം മുതലെ പ്രശ്നമുണ്ടായിരുന്നു. എക്സിബിഷനുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ആദ്യം ഉയർന്നത്. അതിനു പരിഹാരം കണ്ടെത്തിയപ്പോഴേക്കും ആനകളുമായി ബന്ധപ്പെട്ട ചില പ്രശ്നം ഉയർന്നിരുന്നു. അതും പരിഹരിച്ചു. മാത്രമല്ല ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിലായിരുന്നു പൂരവും. അതിന്റെ അവസാനഘട്ടത്തിൽ ചില പ്രശ്നങ്ങളുണ്ടായി. പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമമുണ്ടായിയെന്നത് ഗൗരവമായി എടുത്തത് കൊണ്ടാണ് അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപിയെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. ആ അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23നാണ് ഡിജിപി സർക്കാരിന് സമർപ്പിച്ചത്. ആ റിപ്പോർട്ട് 24ന് തനിക്ക് ലഭിച്ചു. പക്ഷെ അതൊരു അതൊരു സമഗ്രമായ അന്വേഷണ റിപ്പോർട്ടായി കരുതാനാകില്ല.
പലതരതത്തിലുള്ള നിയന്ത്രണങ്ങൾ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ടി വന്നിരുന്നു. വിഷയത്തിൽ വ്യക്തമാകുന്ന കാര്യം കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അവിടെ നടന്നിട്ടുണ്ട് എന്നുള്ളതാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യമായാണ് കാണാനാകുക. അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ എഡിജിപിയുടെ റിപ്പോർട്ടിൽ കാണുന്നുണ്ട്.
തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിതമായ നീക്കമാണ് നടന്നത്. നിയമപരമായി അനുവദിക്കാൻ കഴിയുന്നതല്ലെന്ന് ബോധ്യമായ കാര്യം ബോധപൂർവം ഉന്നയിക്കുക. തുടർന്ന് പ്രശ്നങ്ങളുണ്ടാക്കാൻ നോക്കുക എന്നിവയെല്ലാം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അവയെല്ലാം ഉൾപ്പടെ കുറ്റകൃത്യങ്ങളെല്ലാം അന്വേഷിച്ച് കണ്ടെത്തൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ അറിയിച്ചു.