ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കഴിഞ്ഞ നാലാം തിയതി കാണാതായ വയോധികയെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിൽ എറണാകുളം കനയന്നൂർ ഹാർമണി ഹോംസ് ചക്കാല മഠത്തിൽ സുഭദ്ര (73) യുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഇവരെ കാണാനില്ലെന്നു കാണിച്ച് മകൻ രാധാകൃഷ്ണനാണ് പോലീസിൽ പരാതി നൽകിയത്.
പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ഒരുമാസത്തോളമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ദൂരെയുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ള സുഭദ്രയെ നാലാം തീയതി രാത്രി 8.30നു ശേഷമാണ് കാണാതായതെന്ന് പൊലീസ് പറഞ്ഞു. തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇവരുടേതു തന്നെയാണോയെന്ന് പരിശോധിക്കും. പ്രദേശത്തുനിന്ന് കനത്ത ദുർഗന്ധം വമിക്കുന്നെന്നും മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും പൊലീസ് അറിയിച്ചു.
കാട്ടൂർ സ്വദേശി മാത്യൂസ്, ഭാര്യ ശർമിള എന്നിവരാണ് കലവൂരിലെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നത്. ദമ്പതികളെ കാണാൻ സുഭദ്ര പതിവായി വരുമായിരുന്നെന്നാണ് വിവരം. ഓഗസ്റ്റ് 7നു കൂലിപ്പണിക്കാരനെക്കൊണ്ട് വാടക വീടിനു സമീപത്തു കുഴി എടുത്തെന്നു പൊലീസ് കണ്ടെത്തി. പിന്നീട്ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണ്ണുനീക്കി പരിശോധന ആരംഭിച്ചത്. ഇരുവരും ചേർന്ന് സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം.
എവിടെയും ഒന്നിച്ച് യാത്ര പോയിരുന്ന ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചതിനെ ചൊല്ലി മൂന്നുപേരും തമ്മിൽ തെറ്റിയിരുന്നു. പിന്നീട് വീണ്ടും ഇവർ അടുപ്പത്തിലായി. തുടർന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചു വരുത്തി കൈയിലുണ്ടായിരുന്ന സ്വർണം തട്ടിയെടുത്ത് കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്നാണ് വിവരം. കൊലപാതകം നടത്തിയെന്ന് കരുതുന്ന രണ്ടുപേരും നിലവിൽ ഒളിവിലാണ്.