മലപ്പുറം: എസ്പി- എംഎൽഎ ഉരസലിനു പിന്നാലെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി.വി. അന്‍വര്‍ എംഎല്‍എ. എസ്പിയുടെ ഔദ്യോഗിക വസതിക്കു മുന്നിലുള്ള മരം മുറിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് എംഎൽഎയുടെ പ്രതിഷേധ പ്രകടനം. എന്നാൽ ഈ വാദം തെറ്റാണെന്ന് കാണിച്ച് പോലീസ് രേഖകൾ പുറത്തുവിട്ടിരുന്നു.
മരം മുറിച്ചിട്ടില്ലെന്നും ശിഖരങ്ങൾ കൊത്തുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറയുന്നു. മാത്രമല്ല ഈ മരംമുറി വിവാദം നടന്ന സമയത്ത് ഈ സമയത്ത് എസ്. ശശിധരന് ആയിരുന്നില്ല മലപ്പുറം എസ്പിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
എന്നാൽ എംഎൽഎയുടെ വാദം ഇങ്ങനെ: താൻ മരംമുറിയുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി അന്വേഷിക്കാനാണ് കഴിഞ്ഞ ദിവസം എസ്പിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. എന്നാൽ തന്നെ പോലീസ് തടയുകയായിരുന്നു. എസ്പിയുടെ വീട് ക്യാമ്പ് ഓഫീസ് ആണെന്നും അകത്തേക്ക് കയറ്റി വിടണമെന്നും എംഎല്‍എ പോലീസിനോട് ആവശ്യപ്പെട്ടുവെങ്കിലും അനുവാദം ഇല്ലാതെ ആരെയും കടത്തിവിടാനാകില്ലെന്ന് പാറാവ് നിന്ന ഉദ്യോഗസ്ഥൻ അറിയിച്ചതോടെ മടങ്ങുകയായിരുന്നു. അതുപോലെ എസ്പി ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു.
വിവാദത്തിനാസ്പദമായ സംഭവം ഇങ്ങനെ: ക്യാമ്പ് ഓഫീസ് കെട്ടിടത്തിനും സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകുന്ന മരക്കൊമ്പുകൾ വെട്ടിമാറ്റാൻ സോഷ്യല്‍ ഫോറസ്ട്രി അനുമതി നൽകിയിരുന്നു. ഇതു പ്രകാരമാണ് മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കിയത്. 2022 ലഭിച്ച ഈ ഉത്തരവ് അടക്കം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേ പൊതുവേദിയിൽ പി.വി. അൻവർ എംഎൽഎ എസ്പി എസ് .ശശിധരനെ അധിക്ഷേപിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ എംഎല്‍എ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കിയിരുന്നുവെങ്കിലും മലപ്പുറത്തിൻ്റെ മാപ്പ് വേണമെങ്കിൽ തരാമെന്നായുരുന്നു എംഎൽഎയുടെ മറുപടി.