തിരുവനന്തപുരം: നിയമസഭ സമ്മേളനത്തലിൽ പ്രതിഷേധം കനക്കുന്നതിനിടെ കൗതുകമുണർത്തി മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണ്ടു ഇരിക്കപ്പൊറുതിയില്ലാതെ പ്രതിപക്ഷത്തിനടുത്തേക്കു നീങ്ങുകയായിരുന്നു. ഇടയ്ക്ക് കൈ വിരളുകൾ വിറപ്പിച്ച് തന്റെ അസ്വസ്തത പ്രകടിപ്പിച്ചുകൊണ്ടായിരുന്നു നീക്കം.
പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികിൽ കൂടി പ്രതിപക്ഷ നിരയിലേക്ക് പോകാൻ ശ്രമിക്കുന്ന ശിവൻകുട്ടിയെ പ്രസംഗം നിർത്താതെ തന്നെ മുഖ്യമന്ത്രി കയ്യിൽപിടിച്ചു പിന്നോട്ടു വലിച്ചു. ഉടനെ മുഖ്യമന്ത്രിയെ ഒന്നു നോക്കിയ ശേഷം മന്ത്രി സീറ്റിലേക്ക് മടങ്ങി.
അതേ സമയം 2015 മാർച്ച് 13 നു നടന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയിൽ നടന്ന കയ്യാങ്കളിയിൽ ശിവൻകുട്ടി പ്രതിയാണ്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ആക്രമണത്തിലൂടെ സഭയ്ക്ക് 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. ഇതിനെതിരെ അന്നത്തെ പ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷത്തുള്ളവർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് റദ്ദാക്കിയില്ല. കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.
സ്പീക്കർ എഎൻ ഷംസീറിന്റെ മുന്നിൽ ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴൽനാടൻ എംഎൽഎ ഡയസിലേക്കു കയറാൻ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡ് അദ്ദേഹത്തെ തടഞ്ഞു. ഇതിനിടെ സ്പീക്കർ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങുകയായിരുന്നു.