ന്യൂഡൽഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. വെള്ളിയാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. ഇനി പോരാട്ടം കോൺഗ്രസിനോടൊപ്പമാണെന്ന് വിനേഷ് പ്രതികരിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്ന് മത്സരിക്കാനാണ് ഇരുവരുടേയും തീരുമാനം. പാർട്ടിയിൽ ചേരുന്നതിന് മുമ്പ്, ഫോഗട്ടും പുനിയയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിൻ്റെ 10 രാജാജി മാർഗിലെ വസതിയിൽ ചെന്ന് കണ്ടിരുന്നു.
നേരത്തെ, ഇന്ത്യൻ റെയിൽവേയിലെ ഓഫീസർ ഓഫ് സ്പെഷ്യൽ ഡ്യൂട്ടി സ്ഥാനത്തുനിന്ന് വിനേഷ് ഫോഗട്ട് “വ്യക്തിപരമായ കാരണങ്ങൾ” ചൂണ്ടിക്കാട്ടി രാജിവച്ചിരുന്നു. ഇനി കോൺഗ്രസിനൊപ്പം നിന്ന് പോരാട്ടം തുടരും. തുടങ്ങിവച്ച പോരാട്ടങ്ങളിൽ നിന്നും പിന്മാറില്ലെന്നും വിനേഷ് പറഞ്ഞു. മെഡൽ നഷ്ടത്തേക്കുറിച്ച് താൻ സംസാരിക്കും. അതിന് കുറച്ചുകൂടി മാനസീകമായി തയാറാകേണ്ടതുണ്ട്. ഗുസ്തിയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ കാണിച്ച് ബിജെപി വനിതാ നേതാക്കൾക്ക് കത്ത് എഴുതിയെങ്കിലും ആരും പ്രതികരിച്ചില്ല. കോൺഗ്രസ് ആണ് ഒപ്പം നിന്നതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
എഐസിസി ആസ്ഥാനത്തെത്തിയ താരങ്ങളെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലാണ് കോൺഗ്രസ് അംഗത്വം നൽകി സ്വീകരിച്ചത്. കോൺഗ്രസിന് ഇത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങൾ പാർട്ടിയിൽ ചേർന്നാലെങ്ങനെ ഗൂഢാലോചനയാകുമെന്ന് ബ്രിജ് ഭൂഷണിന്റെ ആരോപണത്തോട് പ്രതികരിച്ചു.
ബുധനാഴ്ച ഡൽഹിയിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി വിനേഷും ബജ്റംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ ഫൊഗട്ടിനും പുനിയയ്ക്കുമൊപ്പം ഗാന്ധിയെ പകർത്തുന്ന ഫോട്ടോ പങ്കിട്ടുകൊണ്ട് കോൺഗ്രസ് താരങ്ങൾ പാർട്ടിയിൽ ചേരുന്നതായി സൂചന നൽകിയിരുന്നു. ഹരിയാന തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിൽ മത്സരിക്കാനാണ് ഇരുവരുടേയും തീരുമാനം. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റത്തവണയായി ഒക്ടോബർ 5 ന് നടക്കും, വോട്ടെണ്ണൽ ഒക്ടോബർ 8 നും നടക്കും.
#WATCH | Delhi: Vinesh Phogat and Bajrang Punia join the Congress party
Party's general secretary KC Venugopal, party leader Pawan Khera, Haryana Congress chief Udai Bhan and AICC in-charge of Haryana, Deepak Babaria present at the joining. pic.twitter.com/BrqEFtJCKn
— ANI (@ANI) September 6, 2024