പാരീസ്: പാരീസ് ഒളിംപിക്സ് ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ ഗുസ്തിതാരം വിനേഷ് ഫോഗട്ട് രാജ്യാന്തര തർക്ക പരിഹാര കോടതിയിൽ നൽകിയ അപ്പീലിന്മേലുള്ള വിധി അറിയാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കേണ്ടി വരും.
പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് ഭാരം100 ഗ്രാം കൂടുതലായിതിന്റെ പേരിൽ വിനേഷ് ഫോഗട്ട് അയോഗ്യയായത്. സെമി ഫൈനൽ കടന്നതിനു ശേഷമാണ് അയോഗ്യയാക്കപ്പെട്ടതെന്നും അതിനാൽ വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയത്.
അപ്പീലിന്മേലുള്ള വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് താരത്തിന്റെ അഭിഭാഷകൻ വിദുഷ്പത് സിംഘാനി നേരത്തെ പറഞ്ഞിരുന്നു. മികച്ച വിധി വരുമെന്ന പ്രതീക്ഷയിലാണെന്നും അഭിഭാഷകൻ അറിയിച്ചു.
സാധാരണയായി ഇത്തരം അപ്പീലുകളിൽ വിധി വരാൻ 24 മണിക്കൂറേ സമയം ഉണ്ടാകൂ. എന്നാൽ കാലതാമസമെടുക്കുന്നതിന്റെ അർത്ഥം ഒളിംപിക്സ് ഒഫിഷ്യലുകൾ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.