കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ നിന്ന് ഷോക്കേറ്റു തിരുവമ്പാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനിൽ വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിൻ വിനു (27) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.
രോഗിയായ സുഹൃത്തിനെ കാണാനാണ് അബിൻ വിനു ഹോസ്പിറ്റലിൽ എത്തിയത്. ഇതിനിടെ ക്യാന്റീനിൽ പോയ അബിനു ഷോക്കേൽക്കുകയായിരുന്നു. അബിന് എങ്ങനെയാണ് ഷോക്കേറ്റതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.