കൊച്ചി: പാർട്ടിക്കെതിരേയും വനിതാ നേതാക്കളേയും അധിക്ഷേപിച്ച് സംസാരിച്ചുവെന്ന് കാണിച്ച് മുന്‍ എഐസിസി അംഗവും മുൻ പിഎസ് സി അംഗവുമായ സിമി റോസ്ബെല്‍ ജോണിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചുകൊണ്ട് അഭിമുഖം നൽകിയതിന് സിമി റോസ് ബെല്‍ ജോണിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപിയാണ് നടപടിയെടുത്തതെന്നും ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.
സിനിമയിലേതിന് സമാനമായി കോണ്‍ഗ്രസ് പാർട്ടിയിലും ‘കാസ്റ്റിങ് കൗച്ച്’ ഉണ്ടെന്ന് അരോപിച്ച സിമിയുടെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ പാര്‍ട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെടുത്തതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകര്‍ക്കുകയും അവര്‍ക്ക് മാനഹാനി ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് കെപിസിസി. കുറ്റപ്പെടുത്തി. സിമിയുടെ അഭിമുഖം പുറത്തുവന്നതോടെ വനിതാ നേതാക്കളും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും അടക്കമുള്ളവര്‍ ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞദിവസം സിമി ഉയര്‍ത്തിയത്. നേതാക്കളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ കോൺഗ്രസ് പാർട്ടിയിൽ അവസരങ്ങള്‍ ലഭിക്കുന്നുള്ളൂവെന്ന് അവർ മാധ്യമങ്ങൾക്കു മുന്നിൽ ആരോപിച്ചിരുന്നു. കോൺഗ്രസിൽ അനർഹർക്കാണ് സ്ഥാന മാനങ്ങൾ ലഭിക്കുന്നതെന്നും ജെബി മേത്തർ എംപിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് സിമി വിമർശിച്ചിരുന്നു. താൻ അവരെ പ്രീതിപ്പെടുത്താത്തതുകൊണ്ട് സ്ഥാനമാനങ്ങൾ ഒന്നും ലഭിക്കുന്നില്ല. കോൺഗ്രസിൽ പലപ്പോഴും മുതിർന്ന നേതാക്കൾ നിശബ്ദരാണെന്നും തീരുമാനങ്ങളെടുക്കുന്നത് മറ്റു പലരുമാണെന്നായിരുന്നു സിമിയുടെ ആക്ഷേപം.