തിരുവനന്തപുരം: സിനിമാ നയരൂപീകരണസമിതിയിൽ ലൈംഗികാരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷും ഉൾപ്പെട്ടതിൽ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംപി. ആരോപണ വിധേയരായവരെ നയരൂപീകരണ സമിതിയിൽ ഉൾപ്പെടുത്തിയതിലൂടെ സർക്കാരിന്റെ നയം വ്യക്തമാണെന്ന് ഷാഫി പ്രതികരിച്ചു.
സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് വ്യക്തമായി. അങ്ങനെയെങ്കിൽ ലൈംഗികാരോപണം നേരിടുന്ന മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ കൂടി സമിതിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്നും ഷാഫി പരിഹസിച്ചു. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിച്ചാൽ മതിയായിരുന്നു. പലതും വാക്കുകളിൽ മാത്രമാക്കി ഒഴിഞ്ഞുമാറുകയാണ് സർക്കാർ. മന്ത്രിക്കും എംഎൽഎക്കും മാത്രമല്ല ഈ സർക്കാരിന് തന്നെ തുടരാൻ യോഗ്യതയില്ലെന്നും ഷാഫി പറഞ്ഞു.