മുംബൈ: ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് വ്യവസായി അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി സെബി. അനിൽ അംബാനിയെ കൂടാതെ റിലയൻസ് ഹോം ഫിനാൻസിൻ്റെ മുൻ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് 24 സ്ഥാപനങ്ങളെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കി.
വിലക്ക് കൂടാതെ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തി. മാത്രമല്ല, ഏതെങ്കിലും ലിസ്റ്റഡ് കമ്പനിയുടെ ഡയറക്ടറോ, കീ മാനേജർ പേഴ്സണലോ (കെഎംപി), അല്ലെങ്കിൽ മാർക്കറ്റ് റെഗുലേറ്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും ഇടനിലക്കാരനോ ഉൾപ്പെടെയുള്ള സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെടുകയോ ചെയ്യാൻ പാടില്ലെന്നും സെബി നിർദ്ദേശിച്ചു.
റെഗുലേറ്റർ റിലയൻസ് ഹോം ഫിനാൻസിനെ സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് ആറ് മാസത്തേക്കാണ് വിലക്കിയത്. അതോടൊപ്പം 6 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. 222 പേജുള്ള അന്തിമ ഉത്തരവിൽ, അനിൽ അംബാനി ആർഎച്ച്എഫ്എൽ-ൻ്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ, ആർഎച്ച്എഫ്എൽ-ൽ നിന്ന് പണം തട്ടിയെടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തതായും സെബി കണ്ടെത്തി.
ആർഎച്ച്എഫ്എൽ-ൻ്റെ ബോർഡ് ഓഫ് ഡയറക്ടർമാർ ഇത്തരം വായ്പാ രീതികൾ നിർത്താൻ ശക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും കോർപ്പറേറ്റ് വായ്പകൾ പതിവായി അവലോകനം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും, കമ്പനിയുടെ മാനേജ്മെൻ്റ് ഈ ഉത്തരവുകൾ അവഗണിച്ചുവെന്നും സെബി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാൽകർ, പിങ്കേഷ് ആർ ഷാ എന്നിവരുൾപ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.
റിലയൻസ് യൂണികോൺ എന്റർപ്രൈസസ്, റിലയൻസ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിങ്സ് ലിമിറ്റഡ്, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്ന, രവീന്ദ്ര സുധാൽകർ, പിങ്കേഷ് ആർ ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.