തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി മധ്യകിഴക്കൻ അറബിക്കടലിൽ കർണാടക -ഗോവ തീരത്തിന് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിൻറെ ഫലമായാണ് മഴ ശക്തിപ്പെടുന്നത്.
അതിനാൽ ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിനാൽ, കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.