മലപ്പുറം: താൻ ഇപ്പോഴും എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കിയ അൻവർ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനുമെതിരെ ആഞ്ഞടിക്കാനും മറന്നില്ല. താൻ പറഞ്ഞത് വസ്തുകകൾ മാത്രമാണ്. ഈ വെളിപ്പെടുത്തിയ സംഭവങ്ങളിൽ അന്വേഷണം വേണമെന്നാണ്.
ഞാൻ ആരേയും അപകീർത്തിപ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രിയേയും പാർട്ടിയേയും ഈ സംവിധാനത്തേയും വരുംകാലങ്ങളിൽ ജനങ്ങൾ കീർത്തിപ്പെടുത്തണമെങ്കിൽ പറഞ്ഞ വസ്തുതകൾ അന്വേഷിക്കണമെന്ന് മാത്രമാണ്. അല്ലെങ്കിൽ 2026 തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച പണം കിട്ടാത്ത സ്ഥാനാർഥികൾ എൽഡിഎഫിനുണ്ടാകും. ഇങ്ങനെയാണ് പോക്കെങ്കിൽ 20-25 സീറ്റുകൾക്ക് മുകളിൽ എൽഡിഎഫിന് കിട്ടാത്ത സാഹചര്യമാണ് ഉള്ളത്’ അൻവർ പറഞ്ഞു.
‘താൻ എൽഡിഎഫ് വിട്ടെന്ന് മനസ് കൊണ്ട് പറഞ്ഞിട്ടില്ല. വാ കൊണ്ട് അറിയാതെ പറഞ്ഞിട്ടുണ്ടോയെന്നറിയില്ല. പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. എൽഡിഎഫിനൊപ്പം തന്നെയാണ് ഇപ്പോഴും. അവിടെ നിന്ന് മാറിനിൽക്കാൻ പറഞ്ഞാൽ മാറിനിൽക്കുമെന്നും അൻവർ. അൻവർ ഉയർത്തിയ ആരോപണങ്ങൾ തള്ളുകയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതിന് പിന്നാലെയായിരുന്നു അൻവറിന്റെ പ്രതികരണം.
‘അന്വേഷണ സംഘത്തിൽ ഡിജിപിയടക്കമുള്ള മുകൾതട്ടിലുള്ള ഉദ്യോഗസ്ഥർ കുഴപ്പക്കാരാണെന്നു പറയുന്നില്ല. എന്നാൽ താഴെത്തട്ടിലെ അന്വേഷണം വളരെ മോശമാണ്. മുഖ്യമന്ത്രി തന്നെ പുറത്ത് വിട്ട 188 കേസുകളിൽ പത്ത് പേരെയെങ്കിലും വിളിച്ചന്വേഷിക്കേണ്ടെ. ഒരാളുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല. കഴിഞ്ഞ നാലഞ്ചുമാസമായി സ്വർണം കൊണ്ടുവന്നിരുന്ന കടത്തുകാരുമായി ബന്ധപ്പെട്ടിരുന്നു. അവരിൽനിന്ന് കിട്ടിയ വിവരങ്ങൾ സത്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊതുസമൂഹത്തിന് മുന്നിൽ പറഞ്ഞത്. അജിത് കുമാർ എഴുതികൊടുത്ത് മുഖ്യമന്ത്രി വായിച്ച വാറോലയല്ല സത്യമെന്ന് പറഞ്ഞിട്ടുണ്ട്.
അൻവർ തന്നെയാണ് ഇതിന് പിന്നിലെന്നു മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടെങ്കിൽ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കൂ. ഞാൻ കോടതിയെ സമീപിക്കാൻ പോകുകയാണ്. നികുതി വെട്ടിപ്പ്, സ്വർണക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങി അജിത് കുമാറും ടീമും നടത്തിയ കാര്യങ്ങൾ കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്കും ബോധ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് മാത്രം ബോധ്യമായില്ലെന്നും അൻവർ പറഞ്ഞു
ഇതുവരെ നടത്തിയ വെളിപ്പെടുത്തലിൽ ഹൈക്കോടതി തന്നെ സിറ്റിങ് ജഡ്ജിയെകൊണ്ട് അന്വേഷിപ്പിക്കട്ടെ ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ടു കോടതിയിൽ പോവും. ഈ വെളിപ്പെടുത്തലിനു പിറകിൽ എന്തെങ്കിലും തരത്തിൽ പങ്കുണ്ടെങ്കിൽ അന്വേഷിക്കട്ടെ’ അൻവർ പറഞ്ഞു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്റെ പാർക്ക് തുറന്ന് കൊടുക്കാമെന്നു പറഞ്ഞുള്ള റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ടേബിളിന് മുകളിലുണ്ട്. വ്യക്തിപരമായി കാര്യത്തിനാണ് ഇറങ്ങിയതെങ്കിൽ മുഖ്യന്ത്രി അക്കാര്യം ഒപ്പിട്ടതിന് ശേഷം ഇതൊക്കെ തുറന്ന് പറഞ്ഞാൽ പോരായിരുന്നോയെന്നും അൻവർ പറഞ്ഞു. എന്റെ രാഷ്ട്രീയം നിലമ്പൂരിൽ അഞ്ചാം തീയതി വിശദീകരിക്കും. ഇതിനായി ഒരു പരസ്യവും ചെയ്യില്ല. ജനം വേണമെങ്കിൽ വരട്ടെയെന്നും അൻവർ പറഞ്ഞു.