ചെന്നൈ: ‘എനിക്കീ ഇട്ടാവട്ടത്ത് കിടന്ന് നിങ്ങളോട് തായമ്പക കളിക്കാൻ താൽപര്യമില്ല, ഇനി കളികൾ കേരളത്തിനു പുറത്ത്’ എന്നായി ഇപ്പോൾ കാര്യങ്ങൾ. സിപിഎമ്മിൽ നിന്നു പുറത്തുപോയ പിവി അൻവർ എംഎൽഎ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് ഡിഎംകെ നേതാക്കളുമായുള്ള പി.വി. അൻവർ എംഎൽഎയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടുവെന്നാണ് അറിയുന്നത്.
ഡിഎംകെ നേതാക്കളെ കാണുവാൻ ഇന്നു രാവിലെയാണ് അൻവർ ചെന്നൈയിലേക്ക് തിരിച്ചത്. പിന്നീട് ചെന്നൈയിലെ കെടിഡിസി റെയിൻ ഡ്രോപ്സ് ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.
മാത്രമല്ല അൻവറുമായുള്ള കൂടിക്കാഴ്ചയിൽ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എംഎം അബ്ദുള്ളയും പങ്കെടുത്തു. എന്നാൽ വ്യക്തമായ ചിത്രം പുറത്തുവിടാൻ ഇരുവിഭാഗങ്ങളും ഇതുവരെ തയാറായിട്ടില്ല. അതിനിടെ അൻവറിന്റെ മകൻ സെന്തിൽ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.