കൊല്ലം: പ്രതികളെന്ന് സംശയിച്ച് യുവാവിനേയും ഭാര്യയേയും ആക്രമിച്ച കേസില്‍ ചടയമംഗലത്ത് എസ്ഐയായിരുന്ന മനോജ് ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പ്രതിയെ പിടിക്കാന്‍
ഗുണ്ടകളെയും കൂട്ടു പിടിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഒടുവില്‍ എസ്ഐ ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി.
വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു എസ്ഐയുടേയും ഗുണ്ടകളുടേയും ശ്രമം. ആളുമാറിയതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും യുവാവ് ആവര്‍ത്തിച്ച് പറഞ്ഞെുവെങ്കിലും എസ്.ഐ. മനോജ് ഇയാളെ വെറുതെവിട്ടില്ല. സുരേഷിനെ മര്‍ദിച്ചെന്നും കൈകളില്‍ വിലങ്ങിട്ട് കുനിച്ചുനിര്‍ത്തി ഇടിച്ചെന്നുമാണ് എസ്ഐക്കെതിരെയുള്ള പരാതി. കൂടാതെ സുരേഷിന്റെ ഭാര്യയെയും ഇവര്‍ ആക്രമിച്ചിരുന്നു.
നേരത്തെ ആലപ്പുഴയില്‍ ജോലി ചെയ്യുന്നതിനിടെയും മനോജിനെതിരേ സാമനമായ രീതിയില്‍ പരാതികളുണ്ടായിരുന്നു.
ദളിത് യുവാവിനെ ഗുണ്ടകളെയും കൂട്ടി മര്‍ദിച്ച സംഭവത്തില്‍ നേരത്തെ കൊട്ടാരക്കര ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി യുവാവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്ഐ ഉള്‍പെടെയുള്ള അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തത്.