ലഹോർ: വാഹനമിടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയശേഷം ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതിക്ക് മാനസിക പ്രശ്നമുള്ളതായി അഭിഭാഷകൻ. അപകടത്തിനുശേഷം ക്യാമറയിലേക്ക് കൂസലില്ലാതെ നോക്കി ചിരിക്കുകയും കാഴ്ചക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നതാഷ് ഡാനിഷ് എന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രോഷം പടരുകയാണ്.
കറാച്ചിയിലെ പ്രമുഖ വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യയാണ് നതാഷ. കറാച്ചിയിലെ കർസാസിൽ ഓഗസ്റ്റ് 19നാണ് സംഭവം. നതാഷ അലക്ഷ്യമായി ഓടിച്ച വാഹനം മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ചിലർക്കുനേരെ നതാഷ നടത്തിയ പെരുമാറ്റമാണ് വിമർശനത്തിന് കാരണമായത്.
രോഷാകുലരായ ആൾക്കൂട്ടത്തെ നോക്കി നതാഷ ചിരിക്കുന്നതും തന്റെ കുടുംബത്തിന്റെ സ്വാധീനത്തെക്കുറിച്ച് ജനങ്ങളോടു പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. ‘എന്റെ അച്ഛനാരാണെന്ന് നിങ്ങൾക്കറിയില്ല’–നതാഷ വീഡിയോയിൽ പറയുന്നു.
ഇതിനിടെയാണ് യുവതിയെ അനുകൂലിച്ച് യുവതിയുടെ അഭിഭാഷകൻ രംഗത്തെത്തിയത്. “അവൾക്ക് ഒരു അപകടമുണ്ടായെന്നും കാർ ഓടിച്ചെന്നും അറിയില്ല, അവൾ മാനസികമായി ദുർബലയാണ്. വീട്ടുകാരറിയാതെയാണ് കാറുമായി പുറത്തിറങ്ങിയത്- അഭിഭാഷകൻ പറഞ്ഞു.
ഏതൊക്കെയായാലും ഒന്നിലധികം ആരോപണങ്ങൾ നേരിടേണ്ടി വന്നിട്ടും, നതാഷയ്ക്ക് ഒരു രാത്രി പോലും പോലീസ് കസ്റ്റഡിയിൽ ചിലവഴിക്കേണ്ടിവന്നില്ല. ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സെൻ്ററിൽ (ജെപിഎംസി) നടന്നുകൊണ്ടിരിക്കുന്ന മാനസിക ചികിത്സയെ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാക്കാൻ പോലും നിയമപാലകർക്ക് കഴിഞ്ഞില്ല. അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തെ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഒരു ദിവസത്തെ റിമാൻഡ് മാത്രമാണ് അനുവദിച്ചതെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.
Natasha Iqbal's crushing poor father his daughter in the drunkenness of wealth,this smile is spitting on the face of Pakistan's law,courts,justice system and government.This is slander in the name of the elite above the law.There are prisons punishments,detentions, fines for poor pic.twitter.com/iBNl3ZqgcE
— Zain Tareen (@Zaintareen_) August 24, 2024