ന്യൂഡൽഹി: അൻവർ വലതുപക്ഷത്തിന്റെ കൈയിലെ പിവി അൻവർ വാ പോയ കോടാലിയാണ്, അതിനാൽ അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വലതു പക്ഷത്തിനോടു ചേർന്ന് പാർട്ടിയേയും സർക്കാരിനെയും തകർക്കുന്ന സമീപനമാണ് അൻവറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും മാധ്യമങ്ങളും പാർട്ടിക്കെതിരെ പ്രചാരണം നടത്തിവരികയാണ്. അതേറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് അൻവറെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു.
അൻവറിന്റെ ഇതുവരെയുള്ള നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും ശ്രദ്ധിച്ചാൽതന്നെ മനസിലാകും കമ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തേക്കുറിച്ച് അയാൾക്ക് കാര്യമായ ധാരണയില്ലെന്ന്. അൻവർ പഴയകാല കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു. കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കോൺഗ്രസ് വിട്ടു. ഡിഐസി കോൺഗ്രസിൽ ചേർന്നപ്പോൾ അദ്ദേഹം തിരിച്ചുപോയില്ല. നിലമ്പൂരിൽ ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവർത്തിച്ചു. എൽഡിഎഫ് സഹകരണത്തോടെ മത്സരിച്ച് ജയിച്ചു. മുമ്പ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ പരാജയപ്പെടുകയാണുണ്ടായതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സാധരണക്കാരുടെ വികാരം മനസിലാക്കിയാണ് പ്രവർത്തിക്കുന്നതെന്ന വാദം തെറ്റാണ്. ഇത്രയും കാലം എംഎൽഎയായിട്ടും കമ്യൂണിസ്റ്റ് പാർട്ടി അംഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വർഗബഹുജന സംഘടനകളിൽ ഇന്നേവരെ പ്രവർത്തിച്ചിട്ടുമില്ല. കോൺഗ്രസിൽ പ്രവർത്തിക്കുകയും തുടർന്ന് ഇടതുപക്ഷത്തിന്റെ സഹയാത്രികനായി സിപിഎം പാർലമെന്ററി പാർട്ടി അംഗമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയവുമായി ബന്ധമുള്ള വേദികളിലൊന്നും അദ്ദേഹം പ്രവർത്തിച്ചിട്ടില്ല. പാർട്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ചോ, നയങ്ങളെ കുറിച്ചോ സംഘടനാരീതികളെ കുറിച്ചോ വ്യക്തമായ ധാരണ അദ്ദേഹത്തിനില്ല.
സാധാരണ പരാതികൾ പരിശോധിച്ച് നടപടിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ അൻവർ പുറത്തു പറഞ്ഞതിനു ശേഷമാണ് പരാതി നൽകിയത്. അത് പാർട്ടിയുടെ ശൈലിയല്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേരളത്തിലെ ഏറ്റവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. പാർട്ടി സെക്രട്ടറിയേറ്റ് അൻവർ നൽകിയ പരാതി പരിശോധിച്ചിരുന്നു. ഭരണവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഉന്നയിച്ചിരുന്നത് എന്നതുകൊണ്ട് സർക്കാരിന്റെ പരിഗണനയ്ക്ക് വിട്ടു. ആവശ്യമെങ്കിൽ അതിന്റെ തുടർച്ചയായി നടപടി സ്വീകരിക്കാമെന്നും തീരുമാനിച്ചു. അൻവർ നൽകിയ പരാതി പാർട്ടി ചർച്ചചെയ്ത് അത് സംബന്ധിച്ചെടുത്ത തീരുമാനം പരസ്യമായി അറിയിക്കുകയും ചെയ്തു.
അൻവർ ആദ്യം നൽകിയ പരാതിയിൽ പി ശശിക്കെതിരെ യാഥൊരുവിധ ആക്ഷേപങ്ങളും ഉണ്ടായിരുന്നില്ല. രണ്ടാമത് നൽകിയ പരാതിയിലാണ് ഇതു സംബന്ധിച്ച പരാമർശങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ പരാതി പാർട്ടി പരിശോധിച്ച് വരികയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.