എറണാകുളം: ലൈംഗികാരോപണ കേസിൽ നടനും എംഎൽഎയുമായ മുകേഷിന്റെ അറസ്റ്റ് അടുത്ത അഞ്ച് ദിവസത്തേക്ക് താൽക്കാലികമായി കോടതി തടഞ്ഞു. എറണാകുളം മുൻസിഫ് സെഷൻസ് കോടതിയാണ് അടുത്ത മാസം മൂന്ന് വരെ മുകേഷിന്റെ അറസ്റ്റ് തടഞ്ഞത്. ഇന്ന് രാവിലെ സമർപ്പിച്ച ജാമ്യാപേക്ഷയിന്മേലാണ് കോടതി അറസ്റ്റ് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടത്.
ഇക്കാര്യത്തിൽ വിശദമായ വാദം അടുത്ത മാസം മൂന്നിന് കേൾക്കാമെന്നും കോടതി അറിയിച്ചു. അഡ്വ. ജിയോ പോൾ മുഖേനയാണ് മുകേഷ് കോടതിയെ സമീപിച്ചത്. താൻ ഒരു എംഎൽഎ ആണെന്നും അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും മുകേഷ് കോടതിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്മേൽ ചെയ്യാനുള്ള ശ്രമം നടന്നിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും മുകേഷ് കോടതിയെ അറിയിച്ചു.
കേസിൽ തനിക്ക് അനുകൂലമായ കാര്യങ്ങൾ ഉണ്ട്. എന്നാൽ അത് കേൾക്കാതെയാണ് കേസിൽ പ്രതി ചേർത്ത് പോലീസ് മുന്നോട്ട് പോകുന്നതെന്നും മുകേഷ് കോടതിയെ അറിയിച്ചു.