തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയിൽനിന്നു മാറ്റാൻ സർക്കാർ തീരുമാനം. പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ചതോടെ ആരോപണ വിധേയനായ ആൾ തൽ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനമായത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരെയാണു പകരം പരിഗണിക്കുന്നത്.
എന്നാൽ അജിത്കുമാറിനെ അന്വേഷണം കഴിയുന്നതുവരെ പൂർണമായി മാറ്റി നിർത്തില്ലെന്നാണ് അറിയുന്നത്. പകരം ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്തിയേക്കും. സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇപ്പോൾ കടക്കില്ലയെന്നാണ് സൂചന. ജയിൽ ഡിജിപിയാക്കി പൊലീസിനു പുറത്തേക്കു മാറ്റുന്ന കാര്യവും ആലോചനയിലുണ്ട്.
അജിത്കുമാറിനെതിരെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാവും അന്വേഷിക്കുക എന്ന കാര്യത്തിലും ചർച്ച പുരോഗമിക്കുകയാണ്. വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ഫയർ ഫോഴ്സ് മേധാവി കെ. പത്മകുമാർ എന്നിവരുടെ പേരുകളാണ് ഇപ്പോൾ ഉയർന്നുകേഴ്ക്കുന്നത്.
കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ, എഡിജിപി എം.ആർ.അജിത്കുമാറിനെ വേദിയിലിരുത്തിയാണ് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. പോലീസിലെ പുഴുക്കുത്തുകളെ നീക്കും, അത് എത്രവലിയ ഉദ്യോഗസ്ഥനാണെങ്കിലുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറയുകയും ചെയ്തു.