കൊണ്ടോട്ടി: മലപ്പുറം കിഴിശ്ശേരിയിൽ ബിഹാർ സ്വദേശിയായ രാജേഷ് മാഞ്ചി (36) ആൾക്കൂട്ട മർദനത്തെത്തുടർന്നു മരിച്ച സംഭവത്തിൽ വിചാരണ നടപടികൾ താല്കാലികമായി നിർത്തിവച്ചു. കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് കൂടുതൽ വെളിവാകുന്ന തരത്തിലുള്ള തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നും ഇലക്ട്രോണിക് തെളിവുകൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കാണിച്ച് പോലീസ് സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നടപടികൾ നിർത്തിവച്ചത്. അഡീഷണൽ ജില്ലാ സെഷൻസ്-III കോടതി ടി.ജെ വർഗീസ് മുമ്പാകെയായിരുന്നു വിചാരണ നടപടി നടന്നു വന്നിരുന്നത്.
കേസിലെ ഏഴ് പ്രതികൾക്കും കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ വിചാരണ പുന:രാരംഭിക്കാനിരിക്കെയാണ് പോലീസ് നിർണായക റിപ്പോർട്ട് കോടതിയിൽ നൽകിയത്.
2023 മെയ് 13 നാണ് അതിഥിത്തൊഴിലാളിയായ രാജേഷ് മാഞ്ചി ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ടത്. മോഷ്ടവാണെന്ന് ആരോപിച്ച് ഇയാളെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസിലറിയിക്കുകയും അവിടെനിന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടുമണിക്കൂറോളം ഇയാളെ നാട്ടുകാർ മർദിച്ചതായും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.