ബെംഗളൂരു: മുൻ ഭർത്താവിൽനിന്ന് പ്രതിമാസം ലഭിക്കുന്ന ജീവനാംശം 50000 രൂപയിൽ നിന്ന് ആറുലക്ഷം രൂപയായി ഉയർത്തമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ യുവതിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്രയും തുക ഒരുമാസം ചെലവിന് വേണമെങ്കിൽ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിച്ചോയെന്നായിരുന്നു കർണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകൾ. പ്രതിമാസം മാന്യമായ തുക ആവശ്യപ്പെടുകയാണെങ്കിൽ ഹർജി പരിഗണിക്കാമെന്നും അല്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറലായി.
കർണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് മുൻ ഭർത്താവ് നരസിംഹയിൽനിന്ന് പ്രതിമാസം ജീവനാംശമായി ആറുലക്ഷം രൂപ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
2023 സെപ്റ്റംബറിൽ ബെംഗളൂരു കുടുംബകോടതി രാധയ്ക്ക് ഭർത്താവ് പ്രതിമാസം 50,000 രൂപ നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ഹർജിയിൽ കാരണമായി കാണിക്കുന്നത് തനിക്ക് വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാൻ മാസം 15,000 രൂപ മാത്രം വേണ്ടിവരുമെന്നായിരുന്നു. ഭക്ഷണത്തിനായി 60,000 രൂപ ഒരുമാസം വേണ്ടിവരും. മുട്ടുവേദനയ്ക്കും ഇതിനോട് അനുബന്ധിച്ചുള്ള ഫിസിയോതെറാപ്പിയും ഉൾപ്പെടെ ചികിത്സയ്ക്കായി പ്രതിമാസം നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, ഹർജിക്കാരിയുടെ വാദം കേട്ട വനിതാ ജഡ്ജി, യുവതി കോടതി നടപടികളെ ചൂഷണംചെയ്യുന്നതാണെന്ന് നിരീക്ഷിച്ചു. ഇത്രയും തുക ചെലവഴിക്കണമെങ്കിൽ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇതെല്ലാം ഒരാൾക്ക് ആവശ്യമുള്ളതാണെന്ന് കോടതിയോട് പറയരുത്. മാസം 6,16,300 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടോ? ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീ, അവർക്ക് ഇത്രയും തുക ചെലവഴിക്കേണ്ടതുണ്ടെങ്കിൽ അവർ സമ്പാദിക്കട്ടെ, അല്ലാതെ ഭർത്താവിൽ നിന്നല്ല അത് വാങ്ങേണ്ടത്. നിങ്ങൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തമില്ല. കുട്ടികളെ സംരക്ഷിക്കാനില്ല. ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. അതിനാൽ ആവശ്യങ്ങളിൽ ന്യായം വേണമെന്നും കോടതി വിശദീകരിച്ചു.