കൊയിലാണ്ടി: മുഖത്ത് മുളകുപൊടി വിതറി യുവാവിനെ ബന്ധിയാക്കി പണം കവർന്ന സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ പ്രതി പരാതിക്കാരൻ തന്നെയാണെന്ന് പോലീസ്.കഴിഞ്ഞ ദിവസം കോഴിക്കോട് കാട്ടിൽ പീടികയിൽ മുഖത്ത് മുളകുപൊടി വിതറി കാറിൽ ബന്ദിയാക്കി പണം തട്ടിയെന്ന പരാതിയുമായി യുവാവ് രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേർന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്ന് പോലീസ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൈലിന്റെ കൂട്ടാളി താഹയിൽ നിന്നും 37 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസിൽ വഴിത്തിരിവായത്.
കഴിഞ്ഞ ദിവസം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 72.40 ലക്ഷം രൂപ അജ്ഞാതരായ രണ്ടുപേർ തന്നെ ബന്ദിയാക്കിയശേഷം കൈക്കലാക്കിയെന്നാണ് തിക്കോടി ആവിക്കൽ റോഡ് സുഹാന മൻസിൽ സുഹൈൽ (25) കൊയിലാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
പണം നഷ്ടമായെന്ന് എടിഎം കമ്പനി കൂടി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണം പിന്നീട് പരാതിക്കാരനിൽതന്നെ ചെന്നത്തുകയായിരുന്നു. ഇതേതുടർന്ന് സുഹൈലിന്റെ അറസ്റ്റ് കൊയിലാണ്ടി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിൽ മുളക് പൊടി വിതറാനും കൈ കെട്ടാനും സഹായിച്ച ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കി തുകയ്ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 25 ലക്ഷം നഷ്ടമായെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ഇക്കാര്യത്തിൽ വ്യത്യാസം വരികയായിരുന്നു. കേസന്വേഷണത്തിനായി റൂറൽ എസ്പി പി നിധിൻ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക സ്വാഡ് രൂപവത്കരിച്ചു. ശനിയാഴ്ച രാത്രിതന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സുഹൈലിനെ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പരാതിക്കാരനായ സുഹൈൽ ഇന്ത്യ വൺ എടിഎമ്മിൽ പണംനിറയ്ക്കുന്ന ഏജൻസിയിലെ ജീവനക്കാരനാണ്. പയ്യോളി സ്വദേശി മുഹമ്മദാണ് ഇന്ത്യ വൺ എടിഎമ്മിൽ പണംനിറയ്ക്കുന്നത് കരാറെടുത്തത്. എടിഎമ്മിൽ നിറയ്ക്കുന്നതിനായി ബാങ്കിൽനിന്ന് പിൻവലിച്ച പണവുമായി കെഎൽ56 ഡബ്ള്യു 3723 നമ്പർ കാർ ഓടിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയിൽനിന്ന് അരിക്കുളം കുരുടിമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്നു.
ഉച്ചയ്ക്ക് 12 മണിക്ക് കാർ അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റം കയറുന്നതിനിടയിൽ പർദ ധരിച്ച് നടന്നുവരുകയായിരുന്ന രണ്ടുപേരിൽ ഒരാൾ കാറിന്റെ ബോണറ്റിലേക്കു വീണു. സുഹൈൽ കാർ നിർത്തിയപ്പോൾ പർദ ധരിച്ച മറ്റേയാൾ കാറിന്റെ അല്പം ഉയർത്തിയ ചില്ലിനുള്ളിലൂടെ അകത്തേക്ക് കൈയിട്ട് പരാതിക്കാരന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതിനിടയിൽ മറ്റേയാൾ കാറിന്റെ പുറകിൽ കയറി പരാതിക്കാരനെ കാറിന്റെ പിൻസീറ്റിലേക്ക് വലിച്ചിട്ടശേഷം കാലും കൈയും കെട്ടിയിട്ട് ശരീരമാസകലം മുളകുപൊടിവിതറി. തുടർന്ന് ബോധരഹിതനാക്കി കാർ അവർ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാറിന്റെ മുൻസീറ്റിൽ ബാഗിൽവച്ചിരുന്ന തുക കവർച്ചചെയ്തശേഷം സുഹൈലിനെ കാട്ടിലപ്പീടികയിൽ ഉപേക്ഷിച്ചുവെന്നാണ് കേസ്.
കാട്ടിലപ്പീടിക മുജാഹിദ് പള്ളിക്കു സമീപം ശനിയാഴ്ച വൈകുന്നേരം 3.30-ഓടെയാണ് നാട്ടുകാർ സുഹൈലിനെ കാറിൽ കണ്ടത്. ഇയാളുടെ ശരീരത്തിലും കാറിനുള്ളിലും മുളകുപൊടി വിതറിയനിലയിലായിരുന്നു. കൈയും കാലും കയറുകൊണ്ട് ബന്ധിച്ചിരുന്നു. പിന്നീട് നാട്ടുകാർ ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. സാധാരണ എടിഎമ്മിൽ പണം നിറയ്ക്കാൻപോകുമ്പോൾ തന്നോടൊപ്പം മറ്റൊരാൾകൂടി ഉണ്ടാകുമായിരുന്നെന്നും ശനിയാഴ്ച അദ്ദേഹം അവധിയായതിനാൽ ഒറ്റയ്ക്കാണ് പോയതെന്നുമാണ് സുഹൈൽ പോലീസിനോട് പറഞ്ഞത്. എന്നാൽ മൊഴികളിൽ കണ്ടെത്തിയ വൈരുദ്ധ്യം പരാതിക്കാരനിലേക്കു വിരൽ ചൂണ്ടുകയായിരുന്നു.